കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അറബിക് പാഠഭാഗം വഹാബിസത്തെ വെള്ളപൂശുന്നതാണെന്ന് ആരോപണം. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ എം.എ അറബിക് പാഠപുസ്തകത്തിലാണ് വഹാബിസത്തെ വെള്ളപൂശുന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണം ഉയരുന്നത്.
വഹാബിസത്തിന്റെ സ്ഥാപകനായ ഇബ്‌നു അബ്ദുള്‍ വഹാബ് കലര്‍പ്പില്ലാത്ത ഇസ്‌ലാമിന്റെ വക്താവാണെന്നാണ് പാഠഭാഗം പറയുന്നത്. എം.എ അറബിക് രണ്ടാം സെമസ്റ്ററിലെ ഹിസ്റ്ററി ഓഫ് കണ്ടമ്പററി അറബ് വേള്‍ഡ് എന്ന പുസ്തകത്തില്‍ 203 മുതല്‍ 206 വരെയുള്ള പേജുകളിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്ളത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം അറബിക് അസി. പ്രൊഫസര്‍ കെ. മുബീനുല്‍ ഹഖാണ് പുസ്തകം തയ്യാറാക്കിയത്. ഫറൂഖ് കോളേജ് അറബിക് ഗവേഷണ വിഭാഗം അസി. പ്രൊഫസര്‍ ഡോ. മുഹമ്മദ് ആബിദാണ് പാഠഭാഗം സൂക്ഷ്മ പരിശോധന നടത്തിയത്.
ഇബ്നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങള്‍ ‘ഖബര്‍ ആരാധന’ നടത്തുന്നവര്‍ക്ക് ദഹിച്ചില്ലെന്നും അതുകൊണ്ട് ഈ പ്രസ്ഥാനത്തെ വഹാബി പ്രസ്ഥാനം എന്ന് പേരിട്ട് അവര്‍ വികലമാക്കുകയാണെന്നുമാണ് പാഠഭാഗത്തില്‍ പറയുന്നത്.
വഹാബിസത്തിനെതിരായി ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങളെയോ തീവ്രവാദി പ്രസ്ഥാനങ്ങളുമായി ഈ അശയം ബന്ധപ്പെട്ട് നില്‍ക്കുന്നതിനെയോ പരാമര്‍ശിക്കാതെ വഹാബിസത്തെ വെള്ളപൂശാന്‍ മാത്രമാണ് പാഠഭാഗം ശ്രമിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
നേരത്തെ ബി.എ അഫ്‌സലുല്‍ ഉലമയുടെ പാഠപുസ്തകമായ കിതാബുത്തൗഹീദിലും സലഫി ആശയങ്ങള്‍ നിറച്ചതാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ പാഠപുസ്തകം യൂണിവേഴ്‌സിറ്റി പിന്‍വലിച്ചിരുന്നു.
പാഠഭാഗവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ സംഭവം പരിശോധിക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് അറിയിച്ചു.