കോഴിക്കോട്: ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ ഇളവ് നല്‍കാനുള്ള തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല. ഹാജരില്‍ 2 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 73 ശതമാനം ഹാജര്‍ മതിയാകും.
ഇതോട് കൂടി ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജരില്‍ ഇളവ് നല്‍കുന്ന ആദ്യത്തെ സര്‍വകലാശാലയാകും കാലിക്കറ്റ് സര്‍വകലാശാല.
നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്‍സ് യൂണിയന്‍ ഈ ആവശ്യവുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റിന് നിവേദനം നല്‍കിയിരുന്നു. ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ ഇളവ് നല്‍കുക, ഒരു ട്രാന്‍സ്‌ജെന്റര്‍ സെല്‍ രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്.
അതേസമയം സര്‍വകലാശാലയുടെ തീരുമാനത്തില്‍ നന്ദി പറയുന്നുവെന്നും ട്രാന്‍സ്ജന്റര്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ കൊണ്ടുവന്നിരുവെന്നും എസ്.എഫ്.ഐ കാലിക്കറ്റ് സര്‍വകലാശാല യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് ടി.കെ. ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശസ്ത്രക്രിയയും തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ലീവ് എടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ടെന്നതും അതുകൊണ്ട് അവര്‍ക്ക് യൂണിവേഴ്‌സിറ്റി നിയമപ്രകാരം ലീവ് നല്‍കണമെന്നും എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
സര്‍വകലാശാലകളിലും കോളേജുകളിലും വുമണ്‍ സെല്ലും മറ്റ് പല സെല്ലുകളുമുണ്ട്. പക്ഷേ ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരു ബോഡിയും പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയിട്ട് ട്രാന്‍സ്‌ജെന്റര്‍ സെല്ല് സംവിധാനവും ഒരുക്കണമെന്നും എസ്.എഫ്.ഐ ഉന്നയിച്ചിരുന്നു,’ സാദിഖ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.