മഴ മാറിയാല്‍ കോഴിക്കോട്ടെ കാര്‍ഷിക മേഖലയ്ക്ക് പുനര്‍ജനിയായിരിക്കും. വിഷരഹിത പച്ചക്കറികള്‍ ആളുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ രൂപീകരിച്ച പുനര്‍ജനി ഗ്രൂപ്പ് സംഘകൃഷിയിലേക്കിറങ്ങുകയാണ്. അഞ്ച് പേര്‍ ചേര്‍ന്ന സംഘമാണ് പുനര്‍ജനി. ട്രാന്‍സ്‌ജെന്‍ഡറുകളായ സിസിലി ജോര്‍ജ്, കരീന, അലീന, പ്രയാഗ, തസ്‌നി എന്നിവരാണ് പുനര്‍ജനിയുടെ അമരത്ത്.
തകര്‍ത്തു പെയ്യുന്ന മഴ തെല്ലൊന്നു മാറാന്‍ കാത്തിരിക്കുകയാണ് ഇവര്‍. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തിലെ 25 സെന്റ് സ്ഥലത്ത് ഇവര്‍ കൃഷിയിറക്കും. വിഷരഹിത പച്ചക്കറിക്കൊപ്പം സ്വന്തമായി വരുമാനം എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് കുടുംബശ്രീ പുനര്‍ജനിയ്ക്ക് കൈത്താങ്ങാകുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുക, വരുമാന ലഭ്യത ഉറപ്പു വരുത്തുകയെന്ന കുടുംബശ്രീ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി.
പുനര്‍ജനി ഗ്രൂപ്പിന്റെ രൂപീകരണവും പുതുമ നിറഞ്ഞതായിരുന്നു. ജില്ലാമിഷന്‍ ഓഫീസില്‍ പച്ചക്കറി തൈകള്‍ ഗ്രോബാഗില്‍ കൃഷിയിറക്കിയാണ് ഗ്രൂപ്പ് രൂപീകരണം ഉദ്ഘാടനം നടത്തിയത്. ആദ്യമായാണ് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് രൂപീകരിച്ച് കാര്‍ഷിക മേഖലയിലേക്ക് ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൈപിടിച്ചുയര്‍ത്തുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും കൂണ്‍കൃഷി, തെങ്ങുകയറ്റം എന്നിവയില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഗ്രൂപ്പംഗങ്ങള്‍. സംസ്ഥാനമിഷനില്‍ നിന്നും ഈ ഗ്രൂപ്പിന് പ്രത്യേക സഹായങ്ങള്‍ ലഭ്യമാക്കും.
ALSO READ: ‘മീശ’യെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ഷഭാരത തെറിവിളികള്‍
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വരുമാനം ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് കുടുംബശ്രീ കുറച്ച് നാളുകളായി ലക്ഷ്യമിടുന്നതെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി കവിത പറയുന്നു. ” ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നത് കുടുംബശ്രീയുടെ ലക്ഷ്യമാണ്. ഇതിനോടകം തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അയല്‍ക്കൂട്ടങ്ങളടക്കമുള്ളവ ഉണ്ട്.”- കവിത ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കാറ്ററിംഗ് മേഖലയിലും ജ്യൂസ് മേക്കിംഗ് പോലുള്ള മേഖലയിലും അവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മേളകളിലൊക്കെ പങ്കെടുത്ത് അവര്‍ വരുമാനമുണ്ടാക്കുന്നുണ്ടെന്നും കവിത പറയുന്നു. അയല്‍ക്കൂട്ടങ്ങളും മറ്റും വഴി ഇവരുമായി അടുത്തിടപഴകിയോപ്പാഴാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ രണ്ട് മൂന്ന് പേര്‍ കാര്‍ഷിക പരിശീലനം നേടിയിട്ടുണ്ടെന്ന കാര്യം അറിയുന്നത്. അങ്ങനെയാണ് സംഘകൃഷിയിലേക്ക് ഇവരെ ക്ഷണിക്കാമെന്ന ആശയം ഉദിച്ചതെന്ന് കവിത പറയുന്നു.
“ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ചിലര്‍ക്ക് കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ മഷ്‌റൂം കള്‍ട്ടിവേഷന്‍ അടക്കമുള്ള കാര്‍ഷിക പരിശീലനങ്ങളില്‍ നല്‍കിയിരുന്നു. മറ്റൊരു സ്‌കീമിന്റെ ഭാഗമായിട്ട്. എന്നാല്‍ പരിശീലനം ലഭിച്ചെങ്കിലും അത് അവര്‍ക്ക് പ്രാവര്‍ത്തികമാക്കാനുള്ള സംവിധാനം ഇല്ല. അവരുമായി അടുത്തിടപഴകിയപ്പോഴാണ് ഇത്തരത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് മനസിലായത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചേര്‍ത്ത് സംഘകൃഷിയെന്ന ആശയം ഉദിച്ചത്.”
അതേസമയം കൃഷി ചെയ്യാന്‍ സ്ഥലമില്ലായിരുന്നു എന്നത് തങ്ങള്‍ നേരിട്ട പ്രശ്‌നമായിരുന്നുവെന്ന് കവിത കൂട്ടിച്ചേര്‍ത്തു. “സാധാരണ നാട്ടിന്‍പുറങ്ങളില്‍ അടുത്തടുത്ത് വീട്ടുകാര്‍ ചേര്‍ന്നാണ് കൃഷിക്കായി ഗ്രൂപ്പുണ്ടാക്കുന്നത്. സ്വന്തം സ്ഥലമില്ലെങ്കിലും അടുത്ത് വീട്ടുകാരുടെ സ്ഥലമൊക്കെ ഇവര്‍ക്ക് കിട്ടും. എന്നാല്‍ ഇവര്‍ പല സ്ഥലങ്ങളില്‍ നിന്നുള്ളവരായതിനാല്‍ അങ്ങനെയൊരു സാധ്യത ഇല്ല.”- കവിത പറയുന്നു.
എന്നാല്‍ ഈ തിരിച്ചടിയേയും പുനര്‍ജനി നേരിടുകയായിരുന്നു. സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ട് മലാപറമ്പിലെ മഹിളാമന്ദിരത്തില്‍ 25 സെന്റ് സ്ഥലം കൃഷിയ്ക്കായി അനുയോജ്യമാക്കി. മഹിളാമന്ദിരത്തിലെ 25 സെന്റ് സ്ഥലം അങ്ങനെയാണ് സംഘകൃഷിയ്ക്കായി ലഭ്യമാകുന്നത്. മഴ കഴിഞ്ഞാല്‍ പച്ചക്കറി കൃഷി ചെയ്യാമെന്നാണ് ആലോചിച്ചിരിക്കുന്നത്. അതിനുവേണ്ട വിത്തും വളവും മറ്റ് വായ്പയും കുടുംബശ്രീ നല്‍കുമെന്ന് കവിത ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഓണം പ്രമാണിച്ച് കുടുംബശ്രീ നടത്തുന്ന പച്ചക്കറി ചന്തകളില്‍ ഇത്തവണ പുനര്‍ജനിയുടെ പച്ചക്കറികളുമുണ്ടാകും. “പല സി.ഡി.എസുകളിലും മാസചന്തകളുണ്ട്. അവ വഴി വിപണനം നടത്തും. അതുമല്ലെങ്കില്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ മഹിളാ മന്ദിരത്തില്‍ തന്നെയോ അതുപോലുള്ള മാര്‍ഗങ്ങിളിലൂടെയോ വിപണനം നടത്തും. ജയിലില്‍ നിന്നുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നത് പോലെ സര്‍ക്കാര്‍ സെക്ടറില്‍ തന്നെ ഇവ ഉപയോഗപ്പെടുത്തും.”– കവിത പറയുന്നു.
കാര്‍ഷിക കേരളമെന്ന വാക്ക് പതിയെ മാഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കൂടി കൈപിടിച്ചുയര്‍ത്തി നഷ്ടപ്പെട്ട കൃഷിയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പുനര്‍ജനിയും കുടുംബശ്രീയും.