| Friday, 9th October 2020, 5:27 pm

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്; കോഴിക്കോട് പ്രസ്‌ക്ലബില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോഴിക്കോട് പ്രസ്‌ക്ലബില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, മുന്‍ ജില്ലാ സെക്രട്ടറി പി.വിപുല്‍നാഥ് എന്നിവര്‍ സംസാരിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.

സിദ്ദിഖ് കാപ്പനെതിരായ യു.പി പൊലീസ് നടപടിക്കെതിരെ നേരത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രീം കോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ. വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഒപ്പം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എം.പിമാരായ  ബിനോയ് വിശ്വവും ബെന്നി ബെഹ്നാനും കത്തയക്കുകയും ചെയ്തിരുന്നു. ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദിഖിനെ യു.പി പൊലീസ് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദിഖിനെ അറസ്റ്റു ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ള പിടിച്ചെടുക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more