| Tuesday, 4th May 2021, 9:07 pm

കോഴിക്കോട് ജില്ലയില്‍ ഓക്സിജന്‍-ബെഡ് ക്ഷാമമില്ല; പ്രചരിക്കുന്നത് തെറ്റായ ശബ്ദസന്ദേശമെന്ന് കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളെ പ്രവേശിക്കാനാവാത്ത തരത്തില്‍ ബെഡ് ലഭ്യതക്കുറവോ ഓക്സിജന്‍ ക്ഷാമമോ ഇല്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. കോഴിക്കോട് ആവശ്യത്തിന് ബെഡുകളില്ലെന്നും ഓക്സിജന്‍ ക്ഷാമമുണ്ടെന്നുമുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ തെറ്റാണെന്നും കളക്ടര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗചികിത്സക്കായി ബെഡുകള്‍ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശമാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്. കല്‍പ്പറ്റയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗിയ്ക്ക് ഒരു ആശുപത്രിയിലും പ്രവേശനം ലഭിച്ചില്ലെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

കോഴിക്കോട്ടുള്ള നിരവധി ആശുപത്രികളില്‍ രോഗിയുമായി കയറിയിറങ്ങിയെന്നും എന്നാല്‍ ഒരിടത്തും ബെഡ് ഇല്ലെന്നും ഓക്‌സിജന്‍ ഇല്ലെന്നുമാണ് അറിയിച്ചതെന്നും വാട്‌സാപ്പില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലുണ്ട്.

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കളക്ടര്‍ പറഞ്ഞു. കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും വളര്‍ത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ നിലവില്‍ ബെഡുകളുടെ ക്ഷാമമില്ല. ഒഴിവുള്ള ബെഡുകളുടെ എണ്ണം കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ കാണാന്‍ സാധിക്കും. ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതേ വരെ ഒരു ആശുപത്രിയിലും ക്ഷാമമുണ്ടായിട്ടില്ല. ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ വിതരണം ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓക്സിജന്‍ വേണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ ചെല്ലുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ കോപ്പിയും നല്‍കിയാല്‍ 4,000 ഡെപ്പോസിറ്റില്‍ ഓക്സിജന്‍ കിട്ടുമെന്നും സിലിണ്ടര്‍ തിരികെ കൊടുക്കുമ്പോള്‍ അടച്ച തുക തിരികെ ലഭിക്കുമെന്നുള്ള തെറ്റായ സന്ദേശവും പ്രചരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Calicut Oxygen Shortage Whatsapp Fake News Collector Covid 19

We use cookies to give you the best possible experience. Learn more