| Wednesday, 31st January 2024, 7:41 pm

ഇന്ത്യൻ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ചു; കോഴിക്കോട് എൻ.ഐ.ടിയിൽ ദളിത്‌ വിദ്യാർത്ഥിക്ക് സസ്പെൻഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ചതിന് കോഴിക്കോട് എൻ.ഐ.ടിയിൽ ദളിത് വിദ്യാർത്ഥിക്ക് സസ്പെൻഷൻ.

ക്യാമ്പസിൽ എസ്.എൻ.എസ് എന്ന ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘപരിവാർ അനുകൂല പ്രചരണം സംഘടിപ്പിക്കുകയും ജയ്ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർത്ഥി, ‘ഇന്ത്യ രാമരാജ്യം അല്ല മതേതര രാജ്യമാണ്’ എന്ന പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചിരുന്നു.

തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ ക്യാമ്പസിൽ സംഘപരിവാർ നിലപാടിനെതിരെ രംഗത്തുവരികയും ക്യാമ്പസിൽ സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. വിദ്യാർത്ഥി യൂണിയൻ പ്രതിനിധി കൈലാഷ്, നാലാം വർഷം വിദ്യാർത്ഥി വൈശാഖ് എന്നിവർക്ക് മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ എൻ.ഐ.ടി ഡീനിനും കുന്നമംഗലം പൊലീസിനും പരാതി നൽകിയിരുന്നു.

തുടർന്നാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടെന്ന് ആരോപിച്ച് ദളിത് വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് ക്യാമ്പസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

അതേസമയം ക്യാമ്പസിൽ സംഘപരിവാർ അനുകൂല പരിപാടി സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Content Highlight: Calicut NIT suspend dalit student for protesting against safronizing Indian map

We use cookies to give you the best possible experience. Learn more