| Wednesday, 6th March 2019, 2:57 pm

ഡോ ആഖീലിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് മെഡിക്കല്‍ കോളേജ് വികസന സമിതി; രാഷ്ട്രീയ ഗൂഢാലോചയെന്ന് വിദ്യാര്‍ത്ഥികള്‍: പ്രതിഷേധം ശക്തം

അലി ഹൈദര്‍

ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് അധ്യാപകനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച ആശുപത്രി വികസന സമിതിയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മെയ് 13ന് മെഡിക്കല്‍ കോളജില്‍ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ഖാന്റെ പരിപാടിയില്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. ആഖീല്‍ പങ്കെടുത്തതതിന്റെ പേരില്‍ രാജ്യദ്രോഹിയാക്കിതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ പരിപാടി വികസന സമിതിയുടെ അനുമതിയില്ലാതെയാണ് കോളജില്‍ സംഘടിപ്പിച്ചതെന്നും അതില്‍ പങ്കെടുത്തത്തിലൂടെ ഡോ. ആഖീല്‍ രാജ്യ ദ്രോഹക്കുറ്റമാണ് നടത്തിയതെന്നുമാണ് വികസന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ചുവട് പിടിച്ച് മെഡിക്കല്‍ കോളജില്‍ രാജ്യദ്രോഹ കുറ്റം ചെയ്ത പ്രൊഫസറെ പുറത്താക്കണമെന്ന രീതിയില്‍ ജനം ടിവി വാര്‍ത്ത കൊടുത്തതതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് എന്‍.ഐ.ടിയെപ്പോലെ മെഡിക്കല്‍ കോളെജും “രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ” വിളനിലമാകുകയാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുന്ന വാര്‍ത്തയില്‍ വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന അതേ വാദമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള സമിതിയുടെ യോഗത്തില്‍ ബി.ജെ.പി പ്രതിനിധി ഉയര്‍ത്തിയ വാദത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു എന്നും ജനം ടി.വിയില്‍ പറയുന്നു. എന്നാല്‍ എന്താണ് അധ്യാപകന്‍ ചെയ്ത രാജ്യദ്രോഹപ്രവൃര്‍ത്തിയെന്ന് വാര്‍ത്തയില്‍വ്യക്തമാക്കുന്നില്ല.

Read Also : ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്ത ആ വാര്‍ത്തയും വ്യാജം; പാക് പൈലറ്റിനെ തല്ലിക്കൊന്നെന്നത് വ്യാജ വാര്‍ത്ത

എന്നാല്‍ ജനം ടി.വിക്കെതിരെയും വികസന സമിതിക്കെതിരെയും ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉയരുന്നത്. വാര്‍ത്തയുടെ ഭാഗമായി കോളേജിലെ ഒരു അദ്ധ്യാപകനെ വ്യക്തിഹത്യ ചെയ്യാനുള്ള നടപടിയെ നിയമപരമായി തന്നെ നേരിടുമെന്നാണ് കോളേജ് യൂണിയന്‍ പറയുന്നത്.

കോളേജിനെയും ഇവിടുത്തെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒറ്റുകൊടുക്കുന്നതാരായാലും വാര്‍ത്ത കെട്ടിച്ചമയ്ക്കാന്‍ കൂട്ടുനിന്നവരെ പുറത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും ഇതിനു പിന്നിലെ രാഷ്ട്രീയ മുതലെടുപ്പ് ആരുടെ വകയായിരുന്നാലും എന്തിനുവേണ്ടിയായിരുന്നാലും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കോളേജിന്റെ പേരില്‍ കെട്ടിവെയ്ക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാനാവില്ലെന്നും യൂണിയന്‍ വ്യക്തമാക്കി.

സ്വന്തം രാഷ്ട്രീയം പറയുന്നവരെയും സംഘപരിവാറിനെതിരെ സംസാരിക്കുന്നവരെയും രാജ്യാദ്രോഹിയാക്കി ചിത്രീകരിക്കുന്ന ഏര്‍പ്പാട് സംഘപരിവാര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ജെ.എന്‍.യുവിലെ ആന്റി നാഷണല്‍ മുദ്രാവാക്യഭങ്ങള്‍ ഉള്‍പ്പെടെ സംഘപരിവാര്‍ സൃഷ്ടികളാണെന്ന് തെളിഞ്ഞതാണെന്നുമാണ് കോളേജിലെ എസ്.എഫ്.ഐയുടെ നിലപാട്

കാഴിക്കോട് മെഡിക്കല്‍ കോളേജും എന്‍.ഐ.ടിയും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ മേഖലയിലേക്കുള്ള സംഘപരിവാറിന്റെ കടന്നുകയറ്റമാണ് ഇത്തരം വാര്‍ത്തകളില്‍ പ്രകടമാകുന്നത്. ഇതിനെതിരെ രാഷ്ട്രീയം പറഞ്ഞ്തന്നെ ഓരോ വിദ്യാര്‍ത്ഥികളും രംഗത്ത് വരേണ്ടതുണ്ടെന്നും എസ്.എഫ്.ഐ വ്യക്തമാക്കുന്നുcalicu.

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജീവനക്കാരുമടങ്ങുന്ന നിരവധി പേര്‍ പങ്കെടുത്ത പത്ത് മാസം മുന്‍പ് നടന്ന പരിപാടിയില്‍ കോളജിലെ ഒരു ഡോക്ടറെ മാത്രം ലക്ഷ്യം വയ്ക്കുന്നതില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചയുണ്ടെന്നാണ് വിദ്യാര്‍ഥികളും സഹാപ്രവര്‍ത്തകും പറയുന്നത്. കോളേജ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളും പി.ജി.അസോസിയേഷന്‍, ഡോക്ടേഴ്സ് അസോസിയേഷന്‍ എന്നിവയും ചേര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്. സമരത്തില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയും ഉണ്ട്.

പരിപാടി കാണുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യാത്ത എച്ച്.ഡി.എസ് അംഗങ്ങള്‍ തയ്യാറാക്കിയ മിനുട്സിലാണ് ഈ പരാമര്‍ശമുള്ളതെന്നും ഇത് ബോധപൂര്‍വ്വം അധ്യാപകനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുള്ള പറയുന്നത്.

ഇതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അധ്യാപകനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തേയും വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കുന്ന നടപടിയെയും ചെറുക്കുമെന്നും സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അമീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രവാദികള്‍ പിടിമുറുക്കുന്നുണ്ടെന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി മോഹനന്റെ പ്രസാതാവനയ്‌ക്കെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോളേജിലെ ചുരുക്കം വിദ്യാര്‍ത്ഥികള്‍ തീവ്രവാദത്തിന്റെ സ്വാധീനത്തില്‍ പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി അതിന്റെ ഇടപെടല്‍ ഇപ്പോഴും അവിടെ നടക്കുന്നുണ്ട്. അത് കണ്ടത്തണം. ഞങ്ങളത് ആവിശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മോഹനന്‍ ജനം ടിവിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more