കോഴിക്കോട്: മെഡിക്കല്‍ കോളേജ് അധ്യാപകന്‍ ഡോ.ആഖിലിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച യൂണിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുല്ലയെ സസ്പെന്റ് ചെയ്തു. അമീന്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പ്രിന്‍സിപ്പാളിനെ ഘരാവോ ചെയ്യുകയും ജീവനക്കാരടക്കമുള്ളവരെ കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടി.
കോളേജ് കമ്മറ്റി യോഗം ചേര്‍ന്നാണ് അമീന്‍ അബ്ദുല്ലയെ സസ്പെന്റ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ക്യാംപസില്‍ പ്രവേശിക്കരുതെന്നും ഹോസ്റ്റല്‍ മുറി ഒഴിയാനും നിര്‍ദേശിച്ചു കൊണ്ടാണ് നടപടി.
Read Also : സഞ്ജീവ് ഭട്ടിന്റെ ജാമ്യഹരജി കോടതി വീണ്ടും തള്ളി
അതേസമയം കോളേജിലെ ഒരു അധ്യാപകനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച് സമൂഹമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായാണ് സമരം ചെയ്തതെന്നും അതിന്റെ പേരില്‍ ചെയ്യാത്ത കുറ്റം ചുമത്തി ചില വിദ്യാര്‍ഥികള്‍ക്ക് നേരെ അച്ചടക്കനടപടികള്‍ സ്വീകരിക്കാനുള്ള അധികാരികളുടെ ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ കൊളേജ് യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇത്തരം പ്രതികാരനടപടികള്‍ക്കെതിരെയും കുറ്റക്കാരെ സംരക്ഷിക്കാനുള്ള അധികാരികളുടെ ശ്രമത്തിനെതിരെയും ശക്തമായി തന്നെ മുന്നോട്ടുപോവുമെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രി സമിതി തയാറാക്കിയ മിനിട്‌സിലാണ് സംവാദത്തെ രാജ്യദ്രോഹപ്രവര്‍ത്തനമായി വിലയിരുത്തിയത്. ഇത് പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കോളജിലെ ഒരു അധ്യാപകനെയും മുപ്പത് വിദ്യാര്‍ഥികളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്നും കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും രാജ്യദ്രോഹപ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കാട്ടി കോളജ് അധ്യാപകര്‍ തയാറാക്കിയ അന്വേഷണറിപ്പോര്‍ട്ട് കൈമാറണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
കഴിഞ്ഞ മെയ് 13ന് മെഡിക്കല്‍ കോളജില്‍ ഡോ. കഫീല്‍ ഖാനുമായി ഒരു ഇന്ററാക്ടീവ് സെഷന്‍ നടത്തിയിരുന്നു. അതില്‍ മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ ആഖീല്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ക്യാംപസിനകത്തും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഈ പരിപാടി വികസന സമിതിയുടെ അനുമതിയില്ലാതെയാണ് കോളജില്‍ സംഘടിപ്പിച്ചതെന്നും അതില്‍ പങ്കെടുത്തത്തിലൂടെ ഡോ. ആഖീല്‍ രാജ്യ ദ്രോഹക്കുറ്റമാണ് നടത്തിയതെന്നുമാണ് വികസന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ചുവട് പിടിച്ച് മെഡിക്കല്‍ കോളജില്‍ രാജ്യദ്രോഹ കുറ്റം ചെയ്ത പ്രൊഫസറെ പുറത്താക്കണമെന്ന രീതിയില്‍ ജനം ടി.വി വാര്‍ത്ത കൊടുത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.