“നിപാ വൈറസ് പിടിമുറുക്കിയപ്പോള്‍ നിപ വാര്‍ഡില്‍ ആദ്യ ദിവസം തന്നെ നൈറ്റ് ഡ്യൂട്ടിയെടുത്ത ആളാണ് ഞാന്‍. ശരീരമാസകലം മൂടുന്ന തരത്തിലുള്ള സേഫ്റ്റി കിറ്റ് ധരിച്ചാണ് ജോലി ചെയ്തത്. ആ മാസ്‌ക് ധരിച്ചാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ല. അങ്ങനെ 12 മണിക്കൂറോളം ജോലി ചെയ്തിട്ടുണ്ട്. സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്ത ഞങ്ങളോട് നാളെ ഇവിടെ നിന്ന് ഇറങ്ങാന്‍ പറഞ്ഞിരിക്കുകയാണ്.”- കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ വൈറസ് സമയത്ത് ജോലി ചെയ്തിരുന്ന ഇ.പി റിജേഷിന്റെ വാക്കുകളാണിത്.
റിജേഷടക്കം 42 പേരോടാണ് നാളെ ജോലി അവസാനിപ്പിച്ചിറങ്ങാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞിരിക്കുന്നത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
നേരത്തെ നളന്ദ ഓഡിറ്റോറിയത്തില്‍ നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രിയോട് ജോലി സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആലോചിക്കാമെന്നായിരുന്നു മറുപടി എന്ന് തൊഴിലാളികള്‍ പറയുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് റിജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“നാളെ ഇറങ്ങണം എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ ഓര്‍ഡര്‍. 42 പേരോട് ഇറങ്ങാനാണ് പറഞ്ഞത്. മന്ത്രി ഞങ്ങള്‍ക്ക് വാക്ക് തന്നിരുന്നു. മന്ത്രിതലത്തിലുള്ള എല്ലാ പണിയും ചെയ്തിട്ടുണ്ട്. അവിടെ നിന്ന് അയക്കുയും ചെയ്തിട്ടുണ്ട്. അത് എവിടെയോ ഫ്രീസ് ചെയ്ത് വച്ചതാണ്. സര്‍ക്കാര്‍ നമ്മുടെ കൂടെയുണ്ട്. ഇപ്പോഴും ഉണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്ന് കരുതുന്നില്ല.” റിജേഷ് പറയുന്നു.
സൂപ്രണ്ട് ഓഫീസില്‍ നിന്നാണ് ജോലിയില്‍ നിന്ന് ഇറങ്ങണം എന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇറങ്ങുക എന്നത് നിര്‍ബന്ധമാണ്. പകരം ആളുകളെ നിയോഗിച്ചിട്ടുമുണ്ടെന്ന് റിജേഷ് പറയുന്നു.
സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് തങ്ങളെല്ലാവരും ജോലിയില്‍ പ്രവേശിച്ചത്. സാധാരണ ഇന്റര്‍വ്യൂ നടത്തിയാണ് ജോലിക്കാരെ തെരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ ആരുടെയെങ്കിലും ശുപാര്‍ശ വേണം.
“എന്നാല്‍ നിപ വന്നപ്പോള്‍ ആരും ഇല്ലാത്ത അവസ്ഥയായി. അങ്ങനെ സ്വന്തം ജീവന്‍ പണയം വെച്ച് ജോലിക്ക് വന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കൊന്നും സാധാരണ ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ ജോലി കിട്ടാറില്ല. കാരണം വലിയ ശുപാര്‍ശയിലാണ് ഇവിടെ പലരും വരാറുള്ളത്.” റിജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
നിപ സമയത്ത് നിയമിക്കുമ്പോള്‍ ജോലിയുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിപ വാര്‍ഡില്‍ നിന്ന് പുറത്തുവരാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.
“നിപവാര്‍ഡ് മേയ് 22 നാണ് തുടങ്ങുന്നത്. അന്ന് തന്നെ നൈറ്റ് ഷിഫ്റ്റ് കയറിയ വ്യക്തിയാണ് ഞാന്‍. 12 മണിക്കൂര്‍ തുടര്‍ച്ചയായി നൈറ്റ്. സേഫ്റ്റി കിറ്റ് ധരിച്ചാണ് ജോലിയില്‍ കയറുന്നത്. അന്ന് കിറ്റും കുറവായിരുന്നു. പിന്നീട് കിറ്റൊക്കെ കിട്ടി. എന്നാലും അപര്യാപ്തമായിരുന്നു. ഞങ്ങള്‍ നൈറ്റില്‍ വരുമ്പോള്‍ എട്ട് കിറ്റായിരുന്നു ഉണ്ടായിരുന്നു.” റിജേഷ് പറയുന്നു.
ഞങ്ങള്‍ നാല് പേരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഞാന്‍, ഒരു നഴ്‌സ് അസിസ്റ്റന്റ്, ഒരു സ്റ്റാഫ് നഴ്‌സ്, ഡോക്ടര്‍. ഇവര് നാല് പേരും ഡ്രെസ് ഇട്ട് കഴിഞ്ഞാല്‍ പിന്നെ നാല് കിറ്റാണ് ബാക്കിയുണ്ടാകുക.
ഒരു ഡ്രസ് ഇട്ട് രോഗിയുടെ അടുത്ത് പോയാല്‍ പിന്നെ ആ ഡ്രസ് ഉപയോഗിക്കാന്‍ പറ്റില്ല. പക്ഷെ ഡ്രസ് ഇടാതെ നമുക്ക് നില്‍ക്കാനും പറ്റില്ല. പെട്ടെന്ന് ഒരു രോഗിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമുക്ക് ഡ്രെസെടുത്ത് ഓടാന്‍ പറ്റില്ല.
ഈ ഡ്രസാണെങ്കില്‍ എല്ലാതരത്തിലും ശരീരം മൂടുന്ന ഒന്നാണ്. ഓക്‌സിജന്‍ സപ്ലൈ പോലും ഉണ്ടാകില്ല. അത് ഊരിക്കഴിഞ്ഞാല്‍ പിന്നെ വലിയ അസ്വസ്ഥതയുമായിരിക്കും. 12 മണിക്കൂറാണ് ഈ ഡ്രെസിനുള്ളില്‍ ചെലവഴിക്കുന്നത്. തലയ്ക്ക് വലിയ മന്ദത ആയിരിക്കും അനുഭവപ്പെടുക.
പിന്നെ ഡ്യൂട്ടി 6 മണിക്കൂറായി നിജപ്പെടുത്തി. കാരണം ഈ ഡ്രെസ് ധരിച്ച് 6 മണിക്കൂറെ ജോലി ചെയ്യാന്‍ പറ്റൂവെന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനസര്‍ക്കാര്‍ മുന്നിട്ടിറങ്ങി തങ്ങള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ നല്ല പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ ജോലിയില്‍ നിന്ന് ഇറക്കണം എന്നതിനുവേണ്ടി ആരോ കളിച്ചിട്ടുണ്ട്. പകരം വേറെ ആളെ കയറ്റുകയാണ്. ഇതാണ് ഇവരുടെ ഉദ്ദേശ്യം. ഇപ്പോള്‍ ഇവിടെ 30 ആളുകള്‍ ഉണ്ടെങ്കില്‍ കൂടി മൂന്ന് പേരെ മാത്രമാണ് തീവ്രവാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. ബാക്കിയുള്ളവരെ സാധാരണ വാര്‍ഡിലാണ് എടുക്കുന്നത്.
ഒരുപാട് ബുദ്ധിമുട്ടി ജീവിക്കുന്ന തൊഴിലാളികളോടാണ് ഈ അവഗണന. വിധവകളും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവരുമടക്കമുള്ള ഒരുപാട് പേര്‍ പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ട്.
“പെട്ടെന്ന് ഇറങ്ങാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഒരു മാര്‍ഗവുമില്ല. പണിയുമില്ല. എല്ലാരും കുടുംബം നോക്കുന്ന ആളുകളാണ്. അര്‍ധരാത്രി വീട്ടില്‍ നിന്നിറക്കി വിട്ട കുട്ടിയുടെ അവസ്ഥായാണിപ്പോള്‍. വേറൊരു സ്ഥലത്ത് ജോലിചെയ്യാന്‍ പോകാന്‍ പറ്റില്ല. മാസം പകുതിയായില്ലേ. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ്.”- റിജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ മറ്റന്നാള്‍ മുതല്‍ മരണം വരെ നിരാഹരമിരിക്കുക എന്നതാണ് തൊഴിലാളികളുടെ തീരുമാനം. 16ാം തിയതി മുതല്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നിരാഹരമിരിക്കുമെന്ന് റിജേഷ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ പരിഹസിക്കുന്നുണ്ടെന്നും അവരുടെ പരിഹാസം കേള്‍ക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍പോലും തോന്നാറുണ്ടെന്നും റിജേഷ് പറയുന്നു.
തൊഴിലെടുത്ത് മുന്നോട്ടുപോകാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ., പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ക്ക് 42 പേരും ഒപ്പിട്ട നിവേദനം അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുപോയി നേരിട്ടുകാണാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം നിപ സമയത്ത് സേവനംചെയ്ത എല്ലാവര്‍ക്കും 89 ദിവസംകൂടി കരാര്‍വ്യവസ്ഥയില്‍ അധികം ജോലി ചെയ്യാന്‍ അനുവാദം കൊടുത്തിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സജിത്കുമാര്‍ പറയുന്നു. നിപയ്ക്കുശേഷം വെള്ളപ്പൊക്കവുംകൂടി വന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ഒന്നിച്ചാണ് തീരുമാനമെടുത്തത്.
സര്‍ക്കാര്‍ഫണ്ട് അതിനുമാത്രമേ അനുമതി നല്‍കുന്നുള്ളൂ. ആര്‍.എസ്.ബി.വൈ. ഫണ്ടുപയോഗിച്ചാണ് കാലാവധി നീട്ടിയത്. ഇതിന് ഓഡിറ്റിങ്ങില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നാണ് ഇതൊക്കെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: