കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ ബലമായി കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ്.ഐ പി.എം വിമോദിനെ ചുമതലയില്‍ നിന്ന് നീക്കി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു വൈകിട്ടോടെ ഇയാള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ക്കും എ.പ്രദീപ്കുമാര്‍ എം.എല്‍.എയ്ക്കും ഉറപ്പു നല്‍കി.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇയാളെ ടൗണ്‍ എസ്.ഐ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തും. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് എന്നിവരടക്കം 4 പേരെയാണ് കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്.ഐ പി.എം വിമോദും സംഘവും കസ്റ്റഡിയിലെടുത്തത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. അതേസമയം, ഇങ്ങനെയൊരു നിര്‍ദ്ദേശം ജില്ലാ ജഡ്ജി പൊലീസിന് നല്‍കിയിട്ടില്ലെന്ന് കോടതിവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്നു നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും ജില്ലാ ജഡ്ജി ഹൈക്കോടതി റജിസ്ട്രാറെ രേഖാമൂലം അറിയിച്ചു.
തുടര്‍ന്ന്, സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.പി പ്രേംദാസ്, അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) പി.കെ.രാജു എന്നിവരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
സംഭവത്തില്‍ എസ്.ഐയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് സംഭവം വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് പറയപ്പെടുന്ന ജില്ലാ ജഡ്ജിയെ നേരില്‍കണ്ട് പരാതി നല്‍കാനും മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, മാവോയിസ്റ്റ് കേസുകള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനകത്തേക്കു പ്രവേശിപ്പിക്കരുതെന്നു ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.