ഒരിടവേളക്ക് ശേഷം കിനാലൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലും വിവാദങ്ങളുടെ പട്ടികയിലും കിനാലൂര്‍ എന്ന പേര് മാറ്റി വെയ്ക്കാന്‍ കഴിയാത്തതാണ്. കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലാണ് കിനാലൂര്‍ എന്ന പ്രദേശം.
2010 ലാണ് കിനാലൂര്‍ വാര്‍ത്തകളിലും ചര്‍ച്ചകളിലും വ്യാപകമായി ഇടം പിടിക്കുന്നത്. 2010 മേയ് ആറാം തിയ്യതി നാലുവരി പ്പാതയ്ക്കായി ജന വികാരം മാനിക്കാതെ കിനാലൂരില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ ഒന്നടങ്കം ഇതിനെതിരെ എത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു അതിനെതുടര്‍ന്ന് സമരക്കാരെ അതി ക്രൂരമായി പൊലീസ് നേരിട്ടു.
സ്ത്രീകളും പിഞ്ചുകുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന തദ്ദേശവാസികള്‍ക്കു നേരെ ഗ്രനേഡെറിയുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനു പന്നാലെ ശക്തമായ ലാത്തി ചാര്‍ജ്ജും അരങ്ങേറി. ഇതോടെ കേരളമൊന്നടങ്കം കിനാലൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രദേശത്തെ വീടുകളും അവിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും പൊലീസ് തല്ലി തകര്‍ത്തു. സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സര്‍വ്വെ നടപടി നിര്‍ത്തി വെക്കാനും പൊലീസിനെ പ്രദേശത്തുനിന്ന് പിന്‍വലിക്കാനുമുള്ള അടിയന്തിര ഉത്തരവിറക്കി.
നാലു വരിപ്പാത നടക്കാതെ പോയതോടെ മലേഷ്യന്‍ കമ്പനി സാറ്റലൈറ്റ് സിറ്റി പദ്ധതിയില്‍നിന്ന് പിന്‍മാറിയിരുന്നു. അതിനുമുന്‍പ് സ്വകാര്യ ആശുപത്രിക്കുവേണ്ടി ഇവിടെ ശ്രമം നടന്നിരുന്നു. കായിക സര്‍വകലാശാല അടക്കമുള്ള പദ്ധതികളും പറഞ്ഞു കേട്ടെങ്കിലും നടപ്പായില്ല.
പിന്നീടും പലപ്പോഴായി കിനാലൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. വ്യവസായ പാര്‍ക്ക് രൂപികരിക്കുന്നതും മറ്റുമായി നിരവധി വിവാദങ്ങളാണ് തുടര്‍ന്നുവന്നത്. ഇതിനിടെ കിനാലൂരില്‍ മലബാറിലെ അഞ്ച് ജില്ലകളിലെ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി മലബാര്‍ എന്‍വിറോ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ബയോ മെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ നടന്നു. ഇതിനെതിരെ ജനകീയ സമരം വീണ്ടും തുടങ്ങി.
പ്രദേശത്ത് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മാണത്തിനായി എത്തി ചേര്‍ന്ന കമ്പനി അധികൃതരെ നാട്ടുകാര്‍ തടയുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പ്രദേശ വാസികളാണ് പ്രദേശത്ത് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മാണത്തിനായി എത്തി ചേര്‍ന്ന കമ്പനി അധികൃതരെ തടഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമാലാക്ഷിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയാണ് പ്രദേശത്തെ ജനങ്ങള്‍ സംയുക്ത സമര സമിതി രൂപീകരിച്ച് സ്വകാര്യ മെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെ സമരം തുടങ്ങിയത്.
4.89 കോടി രൂപ മുതല്‍ മുടക്കിലാണ് ബയോ മെഡിക്കല്‍ സംസ്‌ക്കരണ കേന്ദ്രം കിനാലൂരില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കിലോഗ്രാം മാലിന്യം ഒരു മണിക്കൂറില്‍ സംസ്‌ക്കരിക്കാനുള്ള ഒരു ഇന്‍സിനറേറ്റര്‍ സംസ്‌ക്കരണ കേന്ദ്രത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിച്ചത്. ഉയര്‍ന്ന ചൂടില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഇന്‍സിനറേറ്റര്‍.
1000 ലിറ്ററിന്റെ രണ്ട് ഓട്ടോക്ലേവുകളും 100 കിലോഗ്രാം കപ്പാസിറ്റിയുള്ള ഷ്രെഡറുകളും നിര്‍മ്മിക്കാനുമാണ് കമ്പനിയുടെ തീരുമാനം. ഉയര്‍ന്ന താപത്തില്‍ സാധനങ്ങളെ അണു വിമുക്തമാക്കുന്ന പ്രക്രിയയാണ് ഓട്ടോക്ലേവ്. കൂടാതെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനായി 62.5 കെ.വി.എ ഡീസല്‍ ജനറേറ്ററും ഉപയോഗിക്കും. ഒരിടവേളക്ക് ശേഷം കിനാലൂരും സമരവും തൊഴിലാളികളും എസ്റ്റേറ്റുമെല്ലാം വാര്‍ത്തകളില്‍ നിറയുകയാണ്.
നിലവില്‍ കിനാലൂര്‍ എസ്റ്റേറ്റില്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളാണ് കിനാലൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കൊച്ചിന്‍ മലബാര്‍ കമ്പനിയുടെ കൈവശമായിരുന്ന കിനാലൂര്‍ റബ്ബര്‍ എസ്റ്റേറ്റ് 2002-ല്‍ പൂട്ടിയപ്പോള്‍ 553 തൊഴിലാളി കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരമായി നല്‍കിയ ഭൂമി ചിലര്‍ വില്‍പ്പന നടത്തിയതോടെയാണ് പുതിയ വിവാദം ആരംഭിക്കുന്നത്.
്കിനാലൂര്‍ എസ്റ്റേറ്റിലെ ഭൂമി വില്‍പ്പന കോടതി കയറിയതോടെ 533 തൊഴിലാളി കുടുംബങ്ങള്‍ നിയമകുരുക്കില്‍ പെട്ടിരിക്കുകയാണ് ഇതൊടെ ഇവരില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തൊഴിലാളികളില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് ഉദ്യോഗസ്ഥര്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.
താലൂക്ക് ലാന്റ് ബോര്‍ഡിന്റെ അന്വേഷണത്തിന് ശേഷമെ തൊഴില്‍ ആനുകൂല്യമായി ലഭിച്ച ഭൂമിയില്‍ ഇനി തൊഴിലാളികള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമെന്നുമുള്ള അവസ്ഥ വന്നു.
കിനാലൂര്‍ എന്ന വ്യവസായ പാര്‍ക്ക്
കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ കൈവശം 316 ഏക്കറോളം സ്ഥലമാണ് ഉള്ളത്. ഇതില്‍ ചെരിപ്പ് നിര്‍മാണ യൂണിറ്റുകള്‍, ഐസ്‌ക്രീം, ഐസ് ക്യൂബ് നിര്‍മാണം, വുഡ് ഫാക്ടറി, അലൂമിനിയം ചാനലുകളുടെയും വാട്ടര്‍ ടാങ്കുകളുടെയും നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ വിമുക്തി കേന്ദ്രം, സബ് സ്റ്റേഷന്‍, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സ് എന്നിവയ്ക്കാണ് വ്യവസായത്തിന് പുറമേ ഭൂമി വിട്ടുനല്‍കിയിട്ടുമുണ്ട്.
ഇതെല്ലാം കഴിഞ്ഞ് 150 ഏക്കര്‍ ഭുമി കെ. എസ്. ഐ.ഡി.സിയുടെ കൈവശമുണ്ട്. ഈ ഭൂമി കേരളത്തിന് ലഭിക്കാന്‍ സാധ്യതയുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ വിട്ടുനല്‍കാനാണ് സാധ്യത. എയിംസിനുള്ള പ്രഥമ പരിഗണന കിനാലൂരിനാണെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു. മിച്ചമുള്ള സ്ഥലം എസ്റ്റേറ്റില്‍ നിന്നും എറ്റെടുക്കാനും പ്ലാനുകള്‍ ഉണ്ടായിരുന്നു.
കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി ചരിത്രം,
1907, 1912 വര്‍ഷങ്ങളില്‍ കുറുമ്പ്രനാട് രാജ വംശത്തിലെ മല്ലിശ്ശേരി കോവിലകത്തില്‍നിന്ന് ബ്രിട്ടീഷുകാര്‍ 36 വര്‍ഷത്തേക്ക് കിനാലൂര്‍ പ്രദേശത്തെ കാട് പാട്ടത്തിന് എടുക്കുന്നത്. തുടര്‍ന്ന് കാലക്രമേണ വിവിധ കൈമാറ്റങ്ങള്‍ക്ക് വിധേയമാണ് ഇന്ന് കാണുന്ന കിനാലൂര്‍ എസ്റ്റേറ്റ് ആയി മാറി.
തുടര്‍ന്ന് 2438 ഏക്കറുള്ള എസ്റ്റേറ്റ് 2002 ല്‍ പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. എസ്റ്റേറ്റ് കൈവശമുള്ള കൊച്ചിന്‍ മലബാര്‍ കമ്പനി തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരമായി ഭൂമി നല്‍കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ 2003 ഫെബ്രുവരി 28 നാണ് അടച്ചുപൂട്ടിയത്. 533 തൊഴിലാളികള്‍ക്ക് നല്‍കിയ 600 ഏക്കര്‍ ഭൂമി നല്‍കാനായിരുന്നു തീരുമാനം.
2007 മുതല്‍ എസ്റ്റേറ്റ് റിസീവര്‍ ഭരണത്തിന് കീഴിലായിരുന്നു. തുടര്‍ന്ന് 2009ല്‍ പ്രദേശത്തെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതിനിടെ സ്ഥലം ലഭിച്ച തൊഴിലാളികള്‍ക്ക് ഭൂമി പോക്കുവരവ് ചെയ്ത് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി 533 തൊഴിലാളികള്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്ത് പോക്കുവരവ് നടത്തി നികുതി സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. 2015 ജനുവരി 31നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ 479 തൊഴിലാളികള്‍ക്ക് 1.03 ഏക്കര്‍ ഭൂമിവീതവും താമസിക്കുന്ന പാടിയും ലഭിച്ചു.
നിലവിലെ വിവാദം
തൊഴിലാളികള്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നതിനിടെയാണ് എസ്റ്റേറ്റിലെ പലഭാഗങ്ങളും മറിച്ചുവില്‍ക്കുന്നതായി പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ എന്ന സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയില്‍ 2019 ഫെബ്രുവരി 27-ന് ഡിവിഷന്‍ ബെഞ്ച് 2438 ഏക്കറുള്ള കിനാലൂര്‍ എസ്റ്റേറ്റ് മിച്ചഭൂമിയാണെന്ന് വിധിച്ചു. അതേത്തുടര്‍ന്ന് എസ്റ്റേറ്റ് ഭൂമി വില്‍ക്കരുതെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് 2019 ഏപ്രില്‍ 24- ന് കോഴിക്കോട് കളക്ടര്‍ക്കും താമരശ്ശേരി സബ് രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി.
അതനുസരിച്ച് ഭൂപരിഷ്‌കരണ നിയമം 120 എ വകുപ്പുപ്രകാരം ഭൂമി കൈമാറ്റംചെയ്യുന്നതും വില്‍ക്കുന്നതും കളക്ടര്‍ തടഞ്ഞു. ഇവിടത്തെ കൈവശക്കാരുടെ പേരില്‍ മിച്ചഭൂമിക്കേസെടുക്കാനും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നിര്‍ദേശിച്ചു. ഇതോടെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 54 തൊഴിലാളികളുടെ ഭൂമി റജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ വരികയും ഭൂമി ലഭിച്ച തൊഴിലാളികള്‍ ബുദ്ധിമുട്ടിലാകുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ എസ്റ്റേറ്റ് മുറിച്ചുവിറ്റ സംഭവം കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ കൊയിലാണ്ടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പുനഃരാരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്ളാന്റേഷന്‍ ഇതര ആവശ്യങ്ങള്‍ക്കായി കിനാലൂര്‍ എസ്റ്റേറ്റ് മുറിച്ചു വില്‍ക്കുന്നത് ഭൂപരിഷ്‌കരണ നിയമത്തിനു വിരുദ്ധമാണെന്ന് ആരോപിച്ച് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സംഘടന നല്‍കിയ ഹര്‍ജിയടക്കം പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഇതിനിടെ ഈ ഉത്തരവ് നിലനില്‍ക്കെ അതീവ രഹസ്യമായി 25 ഏക്കര്‍ സ്ഥലം മൂന്ന് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ നടപടി ആരംഭിച്ചത്. ഡിവിഷന്‍ ബെഞ്ച് വിധി മറച്ചുവെച്ച് ഏപ്രില്‍ നാലിന്, കേസിലെ കക്ഷിയായ നാലുപേര്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫിനെയും സബ് രജിസ്ട്രാറെയും കക്ഷിയാക്കാതെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു.
മുന്‍ ഉത്തരവ് ചൂണ്ടിക്കാണിക്കേണ്ട അഡ്വക്കേറ്റ് ജനറല്‍ ഓഫീസാകട്ടെ കോടതിയെ അത് ധരിപ്പിച്ചുമില്ല. തുടര്‍ന്ന് ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ബെഞ്ച് ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് വിധിച്ചത്. താമരശ്ശേരി സബ്ബ് രജിസ്ട്രാര്‍ക്കും ജില്ലാ കളക്ടര്‍ക്കും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് വിധിപ്പകര്‍പ്പ് മെയ് നാലിന് അയച്ചുകൊടുത്തു. തുടര്‍ നിയമ നടപടി ആവശ്യമെങ്കില്‍ അറിയിക്കണമെന്നും സൂചിപ്പിച്ചു.
ഈ വിധി പകര്‍പ്പ് അയച്ചു കൊടുത്തപ്പോഴും പോരായ്മ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കണ്ടതായി നടിച്ചില്ല. വിശദീകരണം തേടാന്‍ സബ് രജിസ്ട്രാറും തയ്യാറായില്ല. സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നയുടന്‍ തന്നെ മൂന്നുപേര്‍ക്ക് 25 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്തു.
എന്നാല്‍ കിനാലൂര്‍ എസ്റ്റേറ്റ് മുന്‍ ജീവനക്കാനും വിവരാവകാശപ്രവര്‍ത്തകനുമായ കെ.എം. ബാലകൃഷ്ണന് ലഭിച്ച വിവരാവകാശ രേഖകളിലൂടെ ഈ കാര്യം പുറത്ത് വരികയായിരുന്നു.
തുടര്‍ന്ന് കളക്ടര്‍ സാംബശിവറാവു പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് കളക്ടര്‍ താത്കാലികമായി തടഞ്ഞു. കെ. എല്‍. ആര്‍ നിയമത്തിന്റെ സെക്ഷന്‍ 120എ പ്രകാരമാണ് ഉത്തരവ്. കെ. എല്‍. ആര്‍ നിയമത്തിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.
ആശങ്കയോടെ തൊഴിലാളികള്‍
ഭൂമാഫിയ വിവാദങ്ങളും കളക്ടറുടെ ഉത്തരവും എല്ലാം ചര്‍ച്ചയായിരിക്കെ ആശങ്കയില്‍ ആയിരിക്കുന്നത് ഭൂമി ലഭിച്ച തൊഴിലാളികളാണ്. നിലവില്‍ രജിസ്‌ട്രേഷന്‍ ചെയ്തതും രജിസ്‌ട്രേഷന്‍ ലഭിക്കാത്തതുമായ എല്ലാ തൊഴിലാളി ഭു വുടമകളും കടുത്ത ആശങ്കയിലാണ്. കോടതി ഉത്തരവ് പ്രകാരം രേഖകളില്ലാത്ത ഭൂമി തങ്ങള്‍ക്ക് നഷ്ടമാകുമോ എവന്നാണ് തൊഴിലാളികളുടെ ആശങ്ക. കോടതി ഉത്തരവ് പ്രകാരം മിച്ച ഭൂമിയായി പ്രഖ്യാപിച്ചതില്‍ ഏതൊക്കെ ഭൂമിയാണ് പെട്ടിരിക്കുന്നത് എന്ന് അറിയാത്തതും അശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
തൊഴിലാളികളുടെ ആശങ്ക അകറ്റണമെന്നും തൊഴിലാളികളുടെ ഭൂമി പോക്കുവരവ് നടത്തി നികുതി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാകണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ അബ്ദുല്‍സലാം കിനാലൂര്‍, എന്‍. പി രാമദാസ്, എ. കെ ബാലന്‍, ഷാജി കെ. പണിക്കര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കിനാലൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഭൂമി നഷ്ടമാവുകയോ കുടിയിറക്ക് ഭീഷണിയോ ഉണ്ടാകില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. കിനാലൂര്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ കലക്ടര്‍ നടപടിയെടുത്തുകഴിഞ്ഞെന്നും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മന്ത്രി പറഞ്ഞു.