കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബി.ഐ പരിശോധന
Gold Smuggling
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബി.ഐ പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 8:46 am

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് പരിശോധന.

തിങ്കളാഴ്ച മാത്രം രണ്ടരക്കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ എത്തിയ മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വര്‍ണ്ണ കള്ള കടത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാപകമായിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന ആരോപണമുണ്ടായിരുന്നു.

തിങ്കളാഴ്ച വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ 2.451 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. ഡി.ആര്‍.ഐ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.

ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലും എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ കട്ടേക്കാടന്‍ സഫര്‍, ഇരിങ്ങാലക്കുട സ്വദേശി ജിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. 96.5 ലക്ഷം വിലമതിക്കുന്ന 1866 ഗ്രാം സ്വര്‍ണ്ണമാണ് സഫറില്‍ നിന്നും പിടിച്ചെടുത്തത്. ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.

പതിനാറ് സ്വര്‍ണ്ണക്കട്ടികളാണ് ഇയാള്‍ എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 585 ഗ്രാം സ്വര്‍ണ്ണമാണ് ജിജിനില്‍ നിന്നും പിടിച്ചെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Calicut International Airport CBI Gold Smuggling