| Thursday, 21st March 2024, 9:29 pm

കാലിക്കറ്റ് ഹീറോഡാ ഹീറോ! പ്രൈം വോളിയിൽ ദൽഹി തൂഫാൻസിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസിന് കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

2024 പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് ചാമ്പ്യന്മാര്‍. ഫൈനലില്‍ ദല്‍ഹി തൂഫാന്‍സിനെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഹീറോസ് കിരീടം ചൂടിയത്. കാലിക്കറ്റ് ഹീറോസിന്റെ ആദ്യ പ്രൈം വോളിബോള്‍ കിരീടമാണിത്.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നാല് സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ 3-1ന് ജയിച്ചു കയറിയാണ് കാലിക്കറ്റ് ഹീറോസ് ചാമ്പ്യന്മാരായത്.

ആദ്യ സെറ്റ് 15 -13നായിരുന്നു കാലിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും ഇതേ മിന്നും പ്രകടനം തന്നെ കാലിക്കറ്റ് ഹീറോസ് ആവര്‍ത്തിച്ചതോടെ രണ്ടാം സെറ്റ് 15-10 എന്ന നിലയില്‍ ഹീറോസ് സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ മൂന്നാം സെറ്റില്‍ ദല്‍ഹി തൂഫാന്‍സ് ശക്തമായി തിരിച്ചുവരികയായിരുന്നു. ആവേശകരമായ മൂന്നാം സെറ്റില്‍ 15-13 എന്ന സ്‌കോര്‍ ലൈനില്‍ ആയിരുന്നു ദല്‍ഹി വിജയിച്ചുകൊണ്ട് തിരിച്ചുവന്നത്. വാശിയേറിയ നാലാം സെറ്റില്‍ 15-12ന് ദല്‍ഹിയെ തകര്‍ത്തുകൊണ്ട് കാലിക്കറ്റ് ഹീറോസ് ചാമ്പ്യന്മാര്‍ ആവുകയായിരുന്നു.

അതേസമയം എലിമിനേറ്ററില്‍ നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ പരാജയപ്പെടുത്തി യായിരുന്നു ദല്‍ഹി ഫൈനലില്‍ പ്രവേശിച്ചത്. അഞ്ച് സെറ്റുകള്‍ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു തൂഫാന്‍സിന്റെ വിജയം.

നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായി ഫൈനലില്‍ കിരീട പോരാട്ടത്തിന് ഇറങ്ങിയ തൂഫാന്‍സ് കാലിക്കറ്റ് ഹീറോസിന്റെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

പ്രൈം വോളിവോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം എഡിഷന്‍ ആയിരുന്നു ഇത്. ആദ്യ സീസണില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് കിരീടം നേടിയപ്പോള്‍ രണ്ടാം സീസണില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും കിരീടം നേടി. ഈ ചാമ്പ്യന്മാരുടെ പട്ടികയിലേക്കാണ് കാലിക്കറ്റ് ഹീറോസും നടന്നു കയറിയത്.

Content Highlight: Calicut Heroes become the cjhampions of 2024 prime Volleyball League

We use cookies to give you the best possible experience. Learn more