കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏരിസ് കൊല്ലം സെയ്‌ലേഴ്‌സും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ കൊല്ലം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് ആണ് നേടിയത്. ഓപ്പണര്‍ ഒമര്‍ അബൂബക്കറിനെ 10 റണ്‍സിന് നഷ്ടമായപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും അഖില്‍ സ്‌കറിയയും എം. അജനാസുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്.
മൂവരും അര്‍ധ സെഞ്ച്വറി നേടിയാണ് ഗ്രൗണ്ടില്‍ തകര്‍ത്താടിയത്. രോഹന്‍ 26 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് അടിച്ചുകൂട്ടിയത്. 196.2 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും രോഹന് ഉണ്ടായിരുന്നു.
അഖില്‍ 30 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സും നേടി. ശേഷം ക്രീസില്‍ എത്തിയ വിക്കറ്റ് കീപ്പര്‍ അജനാസ് 24 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ചു ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് അടിച്ചുകൂട്ടിയത്.
മൂവര്‍ക്കും പുറമേ സല്‍മാന്‍ നിസാര്‍ 17 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി. പള്ളം അന്‍ഫല്‍ 13 റണ്‍സും നേടിയിരുന്നു. കൊല്ലത്തിന് വേണ്ടി അമല്‍ എ.ജി, സുധീശന്‍ മിഥുന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ പവന്‍ രാജ്, ബാസില്‍ എന്‍.പി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഗ്ലോബ് സ്റ്റാര്‍ നേടിയ 213 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ കൊല്ലം സെയ്‌ലേഴ്‌സ് വിയര്‍ക്കേണ്ടി വപുമെന്നത് ഉറപ്പാണ്. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ടൈറ്റില്‍ വിന്നര്‍ ആരാവും എന്നത് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഗ്ലോബ്സ്റ്റാര്‍സ് അറ്റാക്കിങ് ബൗളിങ് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Calicut Globstars Great Performance In 2024 KCL Final