| Tuesday, 17th September 2024, 7:47 pm

ട്രിവാന്‍ഡ്രം റോയല്‍സിനെ തൂക്കിയടിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്; കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ കിരീടം നേടാന്‍ വേണ്ടത് ഇനി ഒരേയൊരു വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

2024 കേരള ക്രിക്കറ്റിലെ ലീഗില്‍ ഫൈനലില്‍ പ്രവേശിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ആദ്യ സെമി ഫൈനലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 18 റണ്‍സിനാണ് ഗ്ലോബ്സ്റ്റാര്‍സ് വിജയിച്ചത്. അഖില്‍ സ്‌കറിയയുടെ മിന്നും ഓള്‍റൗണ്ടിങ് പ്രകടനത്തിലാണ് കാലിക്കറ്റിന് വിജയം എളുപ്പമായത്. മത്സരത്തില്‍ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിന് തകരുകയായിരുന്നു.

ഗ്ലോബ് സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും അഖില്‍ സ്‌കറിയയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്. രോഹന്‍ 34 പന്തില്‍ നിന്ന് ആറ് സിക്സറും മൂന്ന് ഫോറും ഉള്‍പ്പെടെ 64 റണ്‍സ് നേടിയാണ് മടങ്ങിയത്. 188.24 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് രോഹന്‍ മിന്നും പ്രകടനം നടത്തിയത്. മൂന്നാമനായി ഇറങ്ങിയ അഖില്‍ സ്‌കറിയ 43 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറും നേടി 55 റണ്‍സ് സ്വന്തമാക്കിയാണ് പുറത്തായത്.

പിന്നീട് ടീമിന് വേണ്ടി സല്‍മാന്‍ നിസാര്‍ പുറത്താകാതെ 23 റണ്‍സും നേടിയിരുന്നു. അതേസമയം ഓപ്പണര്‍ ഒമര്‍ അബൂബക്കറിന് 14 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി വിനില്‍ ടി.എസ്. രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹരികൃഷ്ണന്‍, അഖില്‍ എം.എസ്, ശ്രീഹരി എസ്. എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി ഓപ്പണര്‍ റിയാ ബഷീര്‍ 40 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടി. മൂന്നാമനായി ഇറങ്ങിയ ഗോവിന്ദ് ദേവ് 54 പന്തില്‍ മൂന്ന് ഫോറും 46 ഉള്‍പ്പെടെ 68 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.

കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് വേണ്ടി അഖില്‍ സ്‌കറിയയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടി. നാല് ഓവറില്‍ വെറും 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. നിഖില്‍ എം രണ്ട് വിക്കറ്റും അഖില്‍ ദേവ് വി ഒരു വിക്കറ്റും നേടി.

കെ.സി.എല്ലില്‍ രണ്ടാം സെമിഫൈനല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏരിസ് കൊല്ലം സെയിലേഴ്സും തൃശ്ശൂര്‍ ഐറ്റംസും തമ്മിലുള്ള മത്സരത്തില്‍ വിജയിക്കുന്നവരാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സുമായി ഏറ്റുമുട്ടുക.

Content Highlight: Calicut Globestars enter finals in 2024 Kerala Cricket League

We use cookies to give you the best possible experience. Learn more