00:00 | 00:00
മഴക്കാലത്ത് ഉറങ്ങാന്‍ കഴിയാതെ വെള്ളയിലെ മത്സ്യത്തൊഴിലാളികള്‍; രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ആവശ്യം അധികൃതര്‍ തള്ളി കളയുന്നുവെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 14, 08:12 am
2019 Apr 14, 08:12 am

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിലെ മത്സ്യതൊഴിലാളികള്‍ക്ക് ജൂണ്‍ ജൂലായി മാസങ്ങളില്‍ സമാധാനമായി ഉറങ്ങാന്‍ സാധിക്കാറില്ല. കടല്‍ കയറി വഞ്ചിയും സാധനങ്ങളും നഷ്ടപ്പെടുമോ എന്ന ഭയമാണ് അവര്‍ക്ക്. രാത്രിയില്‍ ടോര്‍ച്ചുമടിച്ച് വഞ്ചിക്ക് കാവലിരിക്കേണ്ട അവസ്ഥയാണ്. വഞ്ചി സുരക്ഷിതമായി സൂക്ഷിക്കാന്‍ ഒരു സ്ഥലം ഇവര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഇവരുടെ ആവശ്യം അധികാരികള്‍ തള്ളി കളയുന്നത് എന്നാണ് വെള്ളയിലെ തൊഴിലാളികളുടെ ആരോപണം. ആവശ്യവുമായി എം.എല്‍.എ യെ സമീപിച്ചപ്പോള്‍ വഞ്ചി കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതിയാപ്പയില്‍ സൂക്ഷിച്ച് കൊള്ളാന്‍ നിര്‍ദ്ദേശിച്ചതായും ഇവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ദിവസവും പുതിയാപ്പയിലേക്ക് വഞ്ചി സൂക്ഷിക്കുന്നതിനായി പോകുന്നത് ചിലവ് വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല അവിടെ സ്ഥലസൗകര്യങ്ങള്‍ വളരെ പരിമിതമായതിനാല്‍ അവിടെ വഞ്ചി വെക്കുന്നത് പ്രായോഗികമല്ല എന്നും മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.

കടം വാങ്ങിയ പൈസ കൊണ്ട് വാങ്ങിക്കുന്ന വഞ്ചിയും മറ്റ് പണി സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വര്‍ഷാവര്‍ഷം ഇവര്‍ക്ക് വലിയ സംഖ്യ നഷ്ടം സംഭവിക്കുകയും കടക്കെണിയിലാവുകയും ചെയ്യുന്നു എന്ന് മജീദ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കടല്‍ഭിത്തി ആവശ്യപ്പെട്ട ഇവര്‍ക്ക് വേണ്ടി പണിത് നല്‍കിയത് 8 മുറിയുള്ള ഫിഷ് ലാന്റ്‌ കെട്ടിടമാണ്. അവിടെയാകട്ടെ കച്ചവടം നടത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മത്സ്യമാണ് താനും.

ഇവരുടെ കച്ചവടം നടക്കുന്നത് കൊണ്ട് തന്നെ ഇവിടുത്തെ മത്സ്യതൊഴിലാളികളുടെ മീനിന് വില ലഭിക്കുന്നില്ല എന്നും ഇവര്‍ പറയുന്നു. അവിടുത്തെ പ്രശ്നങ്ങളെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഈ കാര്യവുമായി ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി. അടുത്ത മഴക്ക് മുമ്പ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കടുത്ത കടക്കെണിയിലാവും ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍.