കോഴിക്കോടിന് സ്വന്തം ടീമായി; സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്.സിയും
DSport
കോഴിക്കോടിന് സ്വന്തം ടീമായി; സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്.സിയും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 6:02 pm

കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണിൽ ഫുട്ബോൾ ആരാധകരുടെ മനംകവരാൻ പുതിയ ഫുട്‌ബോൾ ക്ലബ്ബ് എത്തുന്നു. സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് കോഴിക്കോടിന്റെ സ്വന്തം ഫുട്ബോള്‍ ടീമായ കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബ് അരങ്ങേറ്റം കുറിക്കുക.

ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ ഫ്രാഞ്ചൈസി ഉടമയായ വി.കെ മാത്യൂസാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ടീമിന്റെ ഔദ്യോഗിക ലോഗോ കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തെ പറ്റി വി.കെ മാത്യൂസ് സംസാരിച്ചു.

‘രാജ്യത്തെ ഫുട്‌ബോള്‍ ആവേശമാണ് കേരളം, ഈ ആവേശത്തിന്റെ പ്രഭവ കേന്ദ്രമാണ് കോഴിക്കോട് നമ്മുടെ നാട്ടിലെ വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ അനുഭവസമ്പത്ത് പകര്‍ന്ന് നല്‍കുന്നതിലൂടെ കേരളത്തിന്റെ ഫുടബോളില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കണം.

കഴിഞ്ഞ ഫിഫ ലോകകപ്പില്‍ കേരളത്തിന്റെ ഫുട്ബോള്‍ ആവേശം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ നിന്ന് നിരവധി താരങ്ങളാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ളത്. 1980 കളുടെ അവസാനം മുതല്‍ 1990 കളുടെ പകുതി വരെ തുടര്‍ച്ചയായി ഏഴ് തവണയാണ് കേരള ഫുട്ബോള്‍ ടീം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്.

കോഴിക്കോട് പുതിയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ് ആരംഭിക്കുന്നത് പോലെ മറ്റൊരു മാര്‍ഗം ഇതിനില്ല. നിക്ഷേപം ആഗ്രഹിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ നമ്മുടെ ആത്മവിശ്വാസത്തിന്റെ പ്രതീകം കൂടിയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗ് എന്നുള്ളത്. ഇന്ത്യയുടെ നൂറ്റാണ്ടാണ് ഇനി വരാന്‍ പോകുന്നത്. കായികമേഖലയടക്കം എല്ലാ രംഗത്തും നമ്മുക്ക് മേധാവിത്തം ഉണ്ടാക്കാന്‍ കഴിയണം; വി.കെ മാത്യൂസ് പറഞ്ഞു.

പ്രൊഫഷണല്‍ ഫുട്‌ബോളിലൂടെ മാന്യമായ ജീവിത സാഹചര്യമുണ്ടായാല്‍ കേരളത്തിലെ ഫുട്‌ബോള്‍ മേഖലയില്‍ അത്ഭുതകരമായ മാറ്റമുണ്ടാകുമെന്ന് നവാസ് മീരാന്‍ പറഞ്ഞു. സബ്ജൂനിയര്‍ തലം മുതല്‍ മികച്ച പരിശീലനവും പ്രൊഫഷണലിസവും കൊണ്ടു വന്നാല്‍ മാത്രമേ സീനിയര്‍ തലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. അതിനു വേണ്ടിയാണ് വര്‍ഷം 2,100 കളിയെങ്കിലും സംസ്ഥാനത്ത് നടത്താനുള്ള സാഹചര്യമുണ്ടാക്കുന്നത്. സൂപ്പര്‍ലീഗ് കേരള ഈ ലക്ഷ്യത്തിലേക്കുള്ള ഉദ്യമമാണ് നവാസ് മീരാന്‍ പറഞ്ഞു.

കോഴിക്കോട് ഒരു ഇന്റർനാഷണൽ ഫുട്ബോൾ സ്റ്റേഡിയമെന്ന സ്വപ്നം ഇപ്പോഴും സജീവമാണെന്നും സര്‍ക്കാരിന്റെ കയ്യില്‍ പുതിയ സ്റ്റേഡിയം ഉണ്ടാക്കാനുള്ള പണമില്ലെന്നും വി.കെ മാത്യൂസിനെപ്പോലുള്ള സംരംഭകരുടെ സഹകരണത്താല്‍ ഇത് സാധ്യമാവുമെന്നും ഇതിനായി അദ്ദേഹം മുന്നിട്ടിറങ്ങണമെന്നും എം.കെ രാഘവന്‍ പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറും. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് സൂപ്പര്‍ ലീഗില്‍ കളിക്കുക. സെപ്തംബര്‍ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും പത്ത് മത്സരങ്ങള്‍ വീതമാണ് കളിക്കുക. ഇതില്‍ അഞ്ച് മത്സരങ്ങള്‍ ഹോം ഗ്രൗണ്ടിലും അഞ്ച്മത്സരങ്ങള്‍ പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക.

കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബില്‍ ആകെ 25 താരങ്ങളാണുള്ളത്. ഇതില്‍ ആറ് വിദേശ താരങ്ങളും ദേശീയ തലത്തില്‍ കളിക്കുന്ന ഏഴ് താരങ്ങളും കേരളത്തില്‍ നിന്നും 12 താരങ്ങളുമാണുള്ളത്. ടീമിന്റെ പരിശീലകനായി ഒരു വിദേശ പരിശീലകനായിരിക്കും ചുമതലയേല്‍ക്കുക. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയമായിരിക്കും ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.

ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് ക്ലബ്ബ് ഉടമയായ വി.കെ മാത്യൂസ്. ആഗോള ട്രാവല്‍സ് വ്യവസായത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള കമ്പനിയാണ് ഐ.ബി.എസ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 17 ഓഫീസുകളും 42 രാജ്യങ്ങളില്‍ നിന്നുള്ള 5000 ത്തോളം ജീവനക്കാരുമാണ് ഐ.ബി.എസിനുള്ളത്. കേരളത്തില്‍ രണ്ട് ഓഫീസുകളടക്കം ഇന്ത്യയില്‍ ഐ.ബി.എസിന് മുഴുവന്‍ നാല് ഓഫീസുകളുണ്ട്.

Content Highlight: Calicut FC New Team in Super League Kerala