| Friday, 2nd August 2024, 1:41 pm

അര്‍ജുന്റെ പങ്കാളിക്ക് ജോലി, വയനാട്ടില്‍ 11 വീടുകള്‍ നിര്‍മിച്ച് നല്‍കും: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായ 11 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടുവെച്ച് നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക്. കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിലിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ പങ്കാളിക്ക് ജോലി നല്‍കുമെന്നും സിറ്റി ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് നിര്‍ദേശിക്കുന്ന 11 കുടുബങ്ങള്‍ക്കാണ് സിറ്റി ബാങ്ക് വീടുവെച്ചു നല്‍കുക. ഭവനരഹിതരായവരുടെ പുനരധിവാസത്തിനായി സര്‍ക്കാരോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി സ്ഥലം നല്‍കുന്ന കുടുംബങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. സര്‍ക്കാരിന്റെ അനുമതി പ്രകാരമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

‘ഓരോ വീടിനും അഞ്ചു ലക്ഷം രൂപ വീതം ബാങ്ക് ചെലവഴിക്കും. ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേര്‍ന്നാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. 120 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറും. സര്‍ക്കാരിന്റെ ഏതെങ്കിലും സഹായപദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയ്യാറാണ്,’ ബാങ്ക് ഭാരവാഹി അറിയിച്ചു.

അതേസമയം ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതിനെ തുടര്‍ന്ന് ഒരു കുടുംബം അനാഥമായെന്നും ബാങ്ക് ഭാരവാഹികള്‍ പറഞ്ഞു.

‘അര്‍ജുന്റെ പങ്കാളി വിദ്യാസമ്പന്നയാണ്. ഈ സാഹചര്യത്തിലാണ് ജോലി കൊടുക്കാന്‍ സിറ്റി ബാങ്ക് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ സഹകരണ നിയമവ്യവസ്ഥകളില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇളവ് നല്‍കുകയാണെങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ അര്‍ജുന്റെ പങ്കാളിക്ക് നിയമനം നല്‍കാനാവും,’ എന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമാ മനോജ്, ബാങ്ക് ഡയറക്ടര്‍മാരായ കെ.പി. രാമചന്ദ്രന്‍, ടി.എം. വേലായുധന്‍, പി.എ. ജയപ്രകാശ്, എന്‍.പി. അബ്ദുള്‍ ഹമീദ്, കെ.ടി. ബീരാന്‍കോയ, അബ്ദുള്‍ അസീസ്, ഷിംന പി.എസ്, ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദുരന്തത്തിനിരയായവര്‍ക്ക് കൈത്താങ്ങാകാനുള്ള ബാങ്കിന്റെ സന്നദ്ധതയുടെ ഭാഗമായാണ് ഭവനപദ്ധതി പ്രഖ്യാപിച്ചതും അര്‍ജുന്റെ പങ്കാളിക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതായിട്ട് 17 ദിവസം പിന്നിട്ടിരിക്കുകയാണ്. കനത്ത മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അർജുന്റെ ട്രാക്കിനായുള്ള തെരച്ചിൽ താത്‌കാലികമായി കർണാടക സർക്കാർ നിർത്തിവെച്ചത്.

തെരച്ചിൽ പുനരാരംഭിക്കുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ ഉറപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം അർജുനെ കണ്ടെത്തിയെന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച് അർജുന്റെ കുടുംബം രംഗത്തെത്തി.

അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, അട്ടമല, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 331 പേർ ഉരുൾപൊട്ടലിൽ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

Content Highlight: Calicut City Service Co-operative Bank announced that Arjun’s wife will be given a job and 11 houses will be provided in Wayanad

We use cookies to give you the best possible experience. Learn more