കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പൊലീസിനെ അനുകൂലിച്ച് അഭിഭാഷകരുടെ പ്രമേയം. കോടതി വളപ്പില്‍ കുഴപ്പമുണ്ടാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്നും ടൗണ്‍ എസ്.ഐ പി.എം. വിമോദ് സമയോചിതമായി ഇടപെടുകായിരുന്നുവെന്നും കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് മോശമായി പെരുമാറിയെന്നും നിരവധി അഭിഭാഷകര്‍ ഇതിന് സാക്ഷിയാണെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. സംഭവസ്ഥത്ത് ഉണ്ടായിരുന്ന അഭിഭാഷകരുടെ പേരും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ സംഘര്‍ഷം ഉണ്ടാകുമായിരുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ്, ഡ്രൈവര്‍ പ്രകാശ് തുടങ്ങിയവരെ കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്.ഐ പി.എം വിമോദും സംഘവും കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്നു പറഞ്ഞായിരുന്നു നടപടി. പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.
എന്നാല്‍ ഇത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്ന് കോടതി അധികൃതര്‍ പിന്നീട് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാന്‍ തിരിച്ചെടുക്കാനെത്തിയപ്പോള്‍, എസ്.ഐ വീണ്ടും മാധ്യമപ്രവര്‍ത്തകരെ പ്രകോപനപരമായി പെരുമാറുകയും ഇവരെ വീണ്ടും വലിച്ചിഴച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി സ്റ്റേഷനില്‍ പൂട്ടിയിടുകയുമായിരുന്നു.
കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ. പ്രദീപ്കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു, സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ എന്നിവര്‍ സ്റ്റേഷനിലെത്തിയിരുന്നു. രണ്ടാമതും സംഘര്‍ഷം ഉടലെടുത്തതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റയും ടൗണ്‍ സ്റ്റേഷനിലെത്തി.
അതിനിടെ, ആക്രമണത്തിന് നേതൃത്വം നല്‍കിയ ടൗണ്‍ എസ്.ഐ പി.എം. വിമോദിനെ സസ്‌പെന്‍ഡ് ചെയ്തു. എത്രയും വേഗം വിമോദിനെ ചുമതലകളില്‍നിന്നും നീക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.