| Tuesday, 24th December 2019, 1:16 pm

ഇ-ഓട്ടോകള്‍ പ്രകൃതിയെ സംരക്ഷിക്കുമെങ്കില്‍ ഞങ്ങള്‍ എതിരല്ല, പക്ഷെ ഞങ്ങളുടെ കുടുംബം പട്ടിണിയാവരുത്; പെര്‍മിറ്റില്ലാതെ ഇ-ഓട്ടോകള്‍ നിരത്തിലിറക്കരുതെന്ന് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍

ജിതിന്‍ ടി പി

കോഴിക്കോട്: ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ പെര്‍മിറ്റില്ലാതെ നിരത്തിലിറക്കുന്നതിനെതിരെ കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ ഉച്ചവരെ പണിമുടക്കുകയാണ്.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ പെര്‍മിറ്റില്ലാതെ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ അറിയിച്ചിട്ടുണ്ട്. നഗരത്തില്‍ സര്‍വ്വീസ് നടത്താനുള്ള പെര്‍മിറ്റ് ഇലക്ട്രിക് ഓട്ടോകള്‍ക്കും നിര്‍ബന്ധമാക്കണമെന്നതാണ് ആവശ്യം. നിലവിലെ നിയമപ്രകാരം ഇ- ഓട്ടോകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഇവ സര്‍വീസ് നടത്തുമ്പോള്‍ നഷ്ടമാകുന്നത് തങ്ങളുടെ തൊഴില്‍ സുരക്ഷയാണെന്നും കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളിലൊരാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ പ്രകൃതി സംരക്ഷണത്തിന് എതിരല്ല. ഇ-ഓട്ടോകള്‍ പരിസ്ഥിതിയ്ക്ക് ഗുണകരമാകുമെങ്കില്‍ ഞങ്ങള്‍ അനുകൂലിക്കും. എന്നാല്‍ അതിന്റെ പേരില്‍ ഞങ്ങള്‍ക്ക് നിലവിലുള്ള ജോലി നഷ്ടമായാല്‍ എന്തുചെയ്യും. ഞങ്ങള്‍ക്ക് കുടുംബം പോറ്റണ്ടേ.’

നിലവിലെ നിയമ പ്രകാരം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്താം. ഏത് ഓട്ടോ സ്റ്റാന്റിലും ഇ-ഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിയന്ത്രണങ്ങളില്ലാതെ നിരത്തിലിറങ്ങിയാല്‍ നിലവില്‍ പെര്‍മിറ്റുള്ള ഓട്ടോകള്‍ കട്ടപ്പുറത്താകുമെന്നാണ് ആശങ്ക. 4200 ഓട്ടോകള്‍ കോഴിക്കോട് നഗരത്തില്‍ ആര്‍.ടി.ഒ പെര്‍മിറ്റോടെ സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തിലെ തിരക്കും ഓട്ടോപാര്‍ക്കിങ്ങിനുള്ള സ്ഥലപരിമിതിയും മറ്റൊരു തലവേദന ആകുമെന്നും തൊഴിലാളികള്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി സൗഹാര്‍ദ നയത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് ഓട്ടോകള്‍ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം. സംസ്ഥാന സര്‍ക്കാരും നിലവില്‍ ഇതിന് അനുകൂലമാണ്. ഇ-ഓട്ടോ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതില്‍ ഓട്ടോ തൊഴിലാളികളും എതിരല്ല.

എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടനകള്‍ ഒഴികെയുള്ള സംഘടനകള്‍ സമരത്തിലുണ്ടെന്ന് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ യൂണിയന്‍ സിറ്റി ഏരിയാ സെക്രട്ടറി ഹേമന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇലക്ട്രിക് ഓട്ടോ പെര്‍മിറ്റുകള്‍ക്ക് വിധേയമാക്കണം. നിലവിലുള്ള വണ്ടികളുടെ പെര്‍മിറ്റ് അതിലേക്ക് മാറ്റാനുള്ള സമയം വേണം.’

സര്‍വീസ് നടത്തുന്നതിനാവശ്യമായ ഒരു സംവിധാനവും ഇല്ലാതെയാണ് ഇലക്ട്രിക് ഓട്ടോകള്‍ ഇറക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കമ്പനികള്‍ ഇറക്കിയിട്ടുള്ള വാഹനങ്ങള്‍ നഗരപരിധിയില്‍ ഓടരുത്. ഓള്‍ കേരള പെര്‍മിറ്റാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിന് കൃത്യമായി ഏകീകരണ സ്വഭാവം ഉണ്ടാകണം. ആരാണ് ഓടുന്നതെന്നും എവിടെയാണ് ഒാടുന്നതെന്നും അറിയണം- ഹേമന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇ-ഓട്ടോ സംവിധാനത്തിനോട് ഒരു യൂണിയനും എതിര്‍പ്പില്ല. പുതിയ വണ്ടികള്‍ എന്നത് മാറ്റി നിലവിലുള്ള വണ്ടികള്‍ക്ക് പകരം പുതിയ വണ്ടികള്‍ എന്നാക്കണം. എങ്കിലല്ലേ പരിസ്ഥിതി സൗഹാര്‍ദ്ദമാകൂവെന്നും ഹേമന്ത് ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനോടനുബന്ധിച്ചുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂണിയന്‍ നേതൃത്വം. ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 11 ന് കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സമരമെന്ന് തൊഴിലാളികള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പണിമുടക്ക്. തൊഴിലാളികളുടെ കലക്ട്രേറ്റ് മാര്‍ച്ചും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

ഇലക്ട്രിക് ഓട്ടോകള്‍ വഴിയില്‍ തടയുന്നത് അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് യൂണിയന്റെ തീരുമാനം. ഇതിന്റെ മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നിരുന്നു. സമരം സംസ്ഥാന വ്യാപകമാക്കാനുള്ള ആലോചനയുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.

കുടുംബം പോറ്റാനുള്ള വരുമാനം പോലും ഇപ്പോള്‍ ഓട്ടോ ഓടിച്ച് ലഭിക്കുന്നില്ലെന്നും ഇലക്ട്രിക് ഓട്ടോകള്‍ കൂടി നിരത്തിലെത്തുന്നതോടെ വരുമാനം വീണ്ടും കുറയുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. കോഴിക്കോട് 4200 ഓളം ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്.

എന്താണ് ഇലക്ട്രിക് ഓട്ടോറിക്ഷ

കാഴ്ചയില്‍ നിലവിലുള്ള ഓട്ടോറിക്ഷയില്‍ നിന്ന് വ്യത്യാസമൊന്നുമില്ല ഇലക്ട്രോണിക് ഓട്ടോയ്ക്ക്. പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാകും. ഗിയര്‍ ഇല്ലാത്തതാണ് ഇലക്ട്രിക് ഒട്ടോറിക്ഷകള്‍. കേരളത്തിലെ വലിയ കയറ്റമെല്ലാം കയറാന്‍ പവര്‍ഗിയര്‍ പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സുഖമായി കേരള നീം ജിം ഓട്ടോയില്‍ യാത്ര ചെയ്യാം.

രണ്ടരലക്ഷം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. സബ്സിഡി കൂടി ലഭിക്കുന്നതോടെ രണ്ട് ലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകും.

കേരളത്തിന്റെ റോഡുകളിലൂടെ നാളെ ഓടേണ്ട ഇലക്ട്രിക്ക് ഓട്ടോകള്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നെയ്യാറ്റിന്‍കരയിലെ കേരള ഓട്ടോമൊബൈല്‍സില്‍ നിന്നാണ്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിന്ന് ഇലക്ട്രിക് ഓട്ടോ പുറത്തിറങ്ങുന്നത്.

കെ.എസ് ആര്‍ ടി സിക്ക് വേണ്ടി ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കാനും കേരള ഓട്ടോമൊബൈല്‍സ് ലക്ഷ്യമിടുന്നുണ്ട്. ഇത് കൂടാതെ മറ്റ് വാഹനനിര്‍മ്മാതാക്കളും ഇ-ഓട്ടോയിലേക്ക് കടന്നിട്ടുണ്ട്. മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്

ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ട്രിയോ യാരി. 1.96 കിലോവാട്ട്-19 എന്‍എം ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജിങ്ങില്‍ 85 കിലോമീറ്റര്‍ വരെ ഓടാനാവും. മണിക്കൂറില്‍ 24.5 കിലോമീറ്ററാണ് പരമാവധി വേഗം.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more