മിഠായി മധുരം പങ്ക് വെച്ച് കോഴിക്കോടും പാലക്കാടും
Daily News
മിഠായി മധുരം പങ്ക് വെച്ച് കോഴിക്കോടും പാലക്കാടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st January 2015, 6:19 pm

cup2_0

കോഴിക്കോട്:  അന്‍പത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പാലക്കാടും കോഴിക്കോടും സംയുക്ത ജേതാക്കളായി. അപ്പീലുകളുടെയും വാശിയേറിയ മത്സരങ്ങളുടെയും ഒടുവിലാണ് ഫോട്ടോ ഫിനിഷിംഗിലൂടെ 916 വീതം പോയന്റ് പങ്ക് വെച്ച് കോഴിക്കോടും പാലക്കാടും സംയുക്ത ജേതാക്കളായത്.

വഞ്ചിപ്പാട്ട് മത്സരത്തിലെ ഫലമാണ് വിജയികളെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമായത്. നേരത്തെ രണ്ട് പോയന്റ് മുന്നിലായിരുന്ന പാലക്കാടിനൊപ്പം കോഴിക്കോടിനെ എത്തിച്ചത് അപ്പീല്‍ ഫലങ്ങളിലൂടെ ലഭിച്ച പോയന്റുകളായിരുന്നു. 899 പോയിന്റുമായി തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞവര്‍ഷം പാലക്കാട് വച്ച് നടന്ന മേളയില്‍ ഫോട്ടോഫിനിഷിലൂടെ ആതിഥേയരെ മറികടന്നാണ് കോഴിക്കോട് ജേതാക്കളായിരുന്നത്. മേളയുടെ സമാപന സമ്മേളനത്തില്‍ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ്, എം.കെ മുനീര്‍ സിനിമാ താരങ്ങളായ ജയറാം, റിമ കലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവരും പങ്കെടുത്തു

ലോകമെമ്പാടുമുള്ള മലയാളി സമൂഹം മേളയെ സ്വീകരിച്ചതായും 2010 ലേതിന് സമാനമായ രീതിയില്‍ മേളക്ക് ആതിഥ്യമരുളുന്നതില്‍ കോഴിക്കോട് പാരമ്പര്യം കാത്ത് സൂക്ഷിച്ചതായും വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബ് പറഞ്ഞു.

കനത്ത അപ്പീല്‍ പ്രവാഹമാണ് ഇത്തവണത്തെ മേള സാക്ഷ്യം വഹിച്ചിരുന്നത്. ഉദ്ഘാടനവേളയില്‍ മന്ത്രിസഭാംഗവും കോഴിക്കോടുകാരനുമായ എം.കെ മുനീര്‍ ഇത്തവണത്തെ മേള അപ്പീലുകള്‍ കുറച്ച് കൊണ്ട് മാതൃക കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേള അവസാനിക്കുമ്പോള്‍ അപ്പീലുകളുടെ എണ്ണം 1200ല്‍ എത്തിയിരിക്കുകയാണ്.

നേരത്തെ എറണാകുളത്ത്‌ നടത്താന്‍ തീരുമാനിച്ചിരുന്ന കലോത്സവം കൊച്ചി മെട്രോയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന കാരണത്താല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. അടുത്ത തവണയാകും എറണാകുളം മേളക്കായി ആതിഥ്യമരുളുക.