കോട്ടയം: ലൈംഗീകതിക്രമ കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ അച്ചടിച്ച് പുറത്തിറക്കിയ തൃശ്ശൂര്‍ രൂപതയ്‌ക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍.
ഫ്രാങ്കോയുടെ ചിത്രം അച്ചടിച്ച 2021 വര്‍ഷത്തെ കലണ്ടര്‍ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നില്‍ വെച്ച് വിശ്വാസികള്‍ കത്തിച്ചത്. കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആര്‍.എം) നേതൃത്വത്തിലാണ് കലണ്ടര്‍ കത്തിച്ചത്.
‘കന്യാസ്ത്രീ പീഡകന്‍ എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വെച്ചുള്ള കലണ്ടറാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്കാ സഭയെ അപമാനിക്കുന്നതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. 2018-ല്‍ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ അവര്‍ ഉള്‍പ്പെടുത്തി. ഇതില്‍ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമര്‍ഷവും ഉണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഭാ നേതൃത്വം കാണിച്ചാല്‍ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായി ഇതു കണക്കാക്കണം.’ എന്ന് കെ.സി.ആര്‍.എം പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.
ഫ്രാങ്കോ തന്നെയും ലൈംഗികമായി ആക്രമിച്ചെന്ന് പിന്നീട് കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. മഠത്തില്‍ വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി. എന്നാല്‍ മൊഴിയില്‍ ബിഷപ്പിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണ കേസില്‍ 80 ഓളം കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 14ാം സാക്ഷിയായ കന്യാസ്ത്രി നല്‍കിയ സാക്ഷിമൊഴി മറ്റൊരു എഫ്.ഐ.ആര്‍ ആയി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താതെ അത് സാക്ഷിമൊഴിയായി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക