| Saturday, 10th June 2023, 4:49 pm

നമ്മളെത്ര ഭാഗ്യവാന്മാരാണ്; രണ്ട് ഇതിഹാസങ്ങള്‍ ഒരേ കാലഘട്ടത്തില്‍ കളിക്കുന്നത് കാണാന്‍ സാധിച്ചു; ഗോട്ട് ഡിബേറ്റില്‍ മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റൈന്‍ ലെജന്‍ഡ് ലയണല്‍ മെസിയും ഒരേ കാലഘട്ടത്തില്‍ കളിക്കുന്നത് കാണാന്‍ സാധിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണെന്ന് മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് കാല്‍ഡെറോണ്‍. ക്രിസ്റ്റിയാനോ ഫോം ഔട്ട് ആയിട്ടില്ലെന്നും അദ്ദേഹത്തിന് രണ്ടോ അതിലധികമോ വര്‍ഷം യൂറോപ്പിലെ ടോപ്പ് ലീഗ് കളിക്കാന്‍ പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലയണല്‍ മെസി പ്രഗത്ഭനായ കളിക്കാരനാണെന്ന് ലോകം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിരമിക്കുന്നത് വരെ ഇതേ ഫോമില്‍ തുടരുമെന്നും കാല്‍ഡെറോണ്‍ വ്യക്തമാക്കി. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘രണ്ട് പേരും വ്യത്യസ്തരായ കളിക്കാരാണ്. പക്ഷെ എനിക്ക് രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാണ്. നമ്മള്‍ സത്യത്തില്‍ ഭാഗ്യവാന്മാരാണ്. ഒരേ കാലഘട്ടത്തില രണ്ട് മികച്ച താരങ്ങള്‍ വ്യത്യസ്ത ടീമിനൊപ്പം കളിക്കുന്നത് കാണാന്‍ നമുക്ക് സാധിച്ചു.

അവര്‍ക്കും ക്ലബ്ബുകള്‍ക്കും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയാണവര്‍. പ്രഗത്ഭരായ രണ്ട് കളിക്കാര്‍, അവരെ പോലെ ഇനിയും ഒരുപാട് താരങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ കാല്‍ഡെറോണ്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇതിനിടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി എം.എല്‍.എസ്.ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് പോകാനൊരുങ്ങുകയാണ്. ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ താരം തന്നെയാണ് അമേരിക്കന്‍ ക്ലബ്ബുമായി സൈനിങ് നടത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്തുക. നിലവില്‍ ലീഗില്‍ 15ാം സ്ഥാനത്ത് തുടരുന്ന ഇന്റര്‍ മിയാമിയെ ടോപ്പിലെത്തിക്കാന്‍ മെസിക്ക് സാധിക്കുമെന്നാണ് പ്രമുഖ ഫുട്‌ബോള്‍ താരങ്ങളടക്കം പലരുടെയും വിലയിരുത്തല്‍.

Content Highlights: Calderon praises Cristiano Ronaldo and Lionel Messi

We use cookies to give you the best possible experience. Learn more