കൊല്‍ക്കത്ത: തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനും തന്റെ മനസ് അസ്വസ്ഥമാക്കിയതിനും ഏഴ് മുതിര്‍ന്ന ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സ്വമേധയ ഉത്തരവുമായി കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് കര്‍ണന്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ബെഞ്ചിലെ മറ്റ് ആറു ജഡ്ജുമാരോടുമാണ് കര്‍ണന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു ദളിത് ജഡ്ജിയായ തന്നെ പൊതുജനമധ്യത്തില്‍ അപമാനിച്ചെന്നും മനസ് അസ്വസ്ഥമാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മുന്‍ ജഡ്ജിമാര്‍ക്കെതിരെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടുന്ന വ്യക്തിയാണ് ജസ്റ്റിസ് കര്‍ണന്‍. നേരത്തെ കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിന്റെ പേരില്‍ കര്‍ണനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് സ്റ്റേ ചെയ്തതിനു പിന്നാലെയാണ് നഷ്ട പരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് കര്‍ണന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നും ജഡ്ജിമാരുടെ ജുഡീഷ്യല്‍ അധികാരത്തിന് തന്നെ വിലക്കേര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നിയമത്തെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ജഡ്ജിമാര്‍ തന്നെ പൊതു ജനമധ്യത്തില്‍ അപമാനിച്ചതെന്നും കര്‍ണന്‍ പറയുന്നു.