പുരാണ ദൈവങ്ങളുടെ പേര് മൃഗത്തിനിടുമോ?; സീത-അക്ബര്‍ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
national news
പുരാണ ദൈവങ്ങളുടെ പേര് മൃഗത്തിനിടുമോ?; സീത-അക്ബര്‍ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2024, 3:50 pm

കൊല്‍ക്കത്ത: സിലിഗുഡി സഫാരി പാര്‍ക്കിലെ സിംഹങ്ങളുടെ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സിംഹത്തിന് സീത എന്ന് പേര് നല്‍കിയത് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ദൈവങ്ങളുടെയും പുരാണ ദൈവങ്ങളുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് നല്‍കുന്നത് ശരിയായ നീക്കമല്ലെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും മൃഗത്തിന് സ്വാതന്ത്ര്യ സമര സേനാനിയുടെയും നോബല്‍ സമ്മാന ജേതാവിന്റെയും പേര് നല്‍കുന്നത് ശരിയായ ചിന്താഗതിയാണോ എന്നാണ് കോടതി ഉയര്‍ത്തിയ ചോദ്യം.

‘സീത എന്ന പേര് മാത്രമല്ല, സിംഹത്തിന് അക്ബര്‍ എന്ന് പേരിടുന്നതിനെയും ഞാനും അനുകൂലിക്കുന്നില്ല. അദ്ദേഹം വളരെ കാര്യക്ഷമവും കുലീനനുമായ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു. മതേതരവാദിയും കൂടി ആയിരുന്നു. ബംഗാളിന്റെ വാദം വസ്തുതാപരമാണെങ്കില്‍ ഇതിനോടകം പേര് മാറ്റാന്‍ തയ്യാറാവണമായിരുന്നു,’ എന്ന് ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ഭട്ടാചാര്യ പറഞ്ഞു. സിംഹങ്ങള്‍ക്ക് സീത-അക്ബര്‍ എന്ന് പേര് നല്‍കിയത് ത്രിപുര സര്‍ക്കാര്‍ ആണെന്നായിരുന്നു പശ്ചിമ ബംഗാളിന്റെ വാദം.

മൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ പേരുകള്‍ നല്‍കി വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവിലെ വിവാദം അധികൃതര്‍ക്ക് ഒഴിവാക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ഫയല്‍ ചെയ്ത പരാതി റിട്ട് ഹരജിയില്‍ നിന്ന് പൊതുതാത്പര്യ ഹരജിയായി ഭേദഗതി ചെയ്യണമെന്നും കോടതി അറിയിച്ചു.

അതേസമയം സിംഹങ്ങളുടെ പേര് മാറ്റുന്നത് പരിഗണനയിലുണ്ടെന്നും നിലവിലെ വിവാദം സംസ്ഥാനത്തിന് മോശം മതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും ബംഗാളിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

Content Highlight: Calcutta High Court to change names of lions in Siliguri Safari Park to avoid controversy