പരിചയമില്ലാത്ത സ്ത്രീയെ 'ഡാര്‍ലിങ്' എന്ന് വിളിക്കുന്നത് കുറ്റകരം: കൊല്‍ക്കത്ത ഹൈക്കോടതി
India
പരിചയമില്ലാത്ത സ്ത്രീയെ 'ഡാര്‍ലിങ്' എന്ന് വിളിക്കുന്നത് കുറ്റകരം: കൊല്‍ക്കത്ത ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 11:31 am

കൊല്‍ക്കത്ത: ‘ഡാര്‍ലിങ്’ എന്ന വാക്കിന് ലൈംഗിക അര്‍ത്ഥമുണ്ടെന്ന് ജസ്റ്റിസ് എയ് സെന്‍ഗുപ്തയുടെ ബെഞ്ച് വിലയിരുത്തി. സെക്ഷന്‍ 354 എ (1) (iv) പ്രകാരം ഇത് കുറ്റകരവും ലൈംഗികപരവുമായ പരാമര്‍ശമാണെന്ന് വെള്ളിയാഴ്ച ജനക് റാം എന്ന വ്യക്തിയുടെ അപ്പീല്‍ പരിഗണിക്കവേ കോടതി പറഞ്ഞു. നേരത്തെ കീഴ്ക്കോടതി ജനക് റാമിനെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പോയ അപ്പീലിലായിരുന്നു പുതിയ വിധി. കൊല്‍ക്കത്ത ഹൈക്കോടതിയിലെ പോര്‍ട്ട് ബ്ലെയറിലെ സര്‍ക്യൂട്ട് ബെഞ്ചിലായിരുന്നു അപ്പീല്‍ പരിഗണിച്ചത്.

2015 ഒക്ടോബര്‍ 21 ന് ആന്‍ഡമാനിലെ മായാബന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പൊലീസ് സംഘം റെയ്ഡിന് പോയപ്പോള്‍ പ്രതി ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനോട് – ‘എന്താ ഡാര്‍ലിങ് ചലാന്‍ അടിക്കാന്‍ വന്നതാണോ – എന്ന് ചോദിച്ചിരുന്നു.

ഉത്സവസമയത്ത് രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ കോണ്‍സ്റ്റബിളിനെതിരെ മദ്യപിച്ചെത്തിയ ഒരാള്‍ ഇങ്ങനെ ഒരു പരാമര്‍ശം ഉപയോഗിച്ചത് അപലപനീയവും ലിംഗവിവേചനപരവുമാണെന്ന് കോടതി കണ്ടെത്തി. വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും മൂന്ന് മാസത്തെ തടവ് ഒരു മാസമായി പരിഷ്‌കരിച്ചു. നേരത്തെ 2023 ഏപ്രിലില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റും പിന്നീട് 2023 നവംബറില്‍ ഡിവിഷണല്‍ ജില്ലാ ജഡ്ജിയും റാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അതിനാലാണ്, റാം ഹൈക്കോടതിയിലേക്ക് അപ്പീല്‍ നല്‍കിയത്.

എന്നിരുന്നാലും, ഡാര്‍ലിങ് എന്ന വാക്ക് മോശമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചതെന്നും അത് ശിക്ഷാര്‍ഹമാണെന്നും കൊല്‍ക്കത്ത ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് രവീന്ദ്രനാഥ് സാമന്ത അഭിപ്രായപ്പെട്ടു. ലൈംഗികപരമായ ഒരു പരാമര്‍ശമായി തനിക്ക് തോന്നിയെന്നും, അത് ആരും ഉപയോഗിക്കരുതെന്നും പറഞ്ഞു.

Content Highlight: Calcutta High Court found that calling ‘Darling’ to an unknown women is an offence