കൊല്‍ക്കത്ത: ബി.ജെ.പി പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ തീര്‍പ്പാക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കൽക്കട്ട ഹൈക്കോടതി.
പെരുമാറ്റം ചട്ടം ലംഘിച്ച് ബി.ജെ.പി പത്രപരസ്യങ്ങള്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടുന്ന പരാതികള്‍ കമ്മീഷന്‍ മുഖവിലക്കെടുക്കാത്തതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യം നല്‍കുന്നതില്‍ നിന്ന് ബി.ജെ.പിയെ വിലക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
‘ബി.ജെ.പിക്കെതിരെയുള്ള പരാതികള്‍ യഥാസമയം പരിഹരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുരുതരമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം ഘട്ടങ്ങളും ഇതിനോടകം അവസാനിച്ചു. എന്നാല്‍ ഇതുവരെ കമ്മീഷന് പരാതികളില്‍ പരിഹാരം കാണാന്‍ കഴിയാത്തത് കോടതിയെ അത്ഭുതപ്പെടുത്തുന്നു,’ ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു.
ഹരജിക്കാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും അപകീര്‍ത്തികരമാണ്. പരസ്യങ്ങള്‍ എതിരാളികളെ അപമാനിക്കാനും ആക്രമിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം പരാതികളില്‍ നടപടി സ്വീകരിച്ചുവെന്ന് കമ്മീഷന്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പരാതി പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പരിഗണിച്ചു.
മറ്റൊരു പരാതി നടപടികള്‍ക്കായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്ക് അയച്ചു. മറ്റൊന്ന് കമ്മീഷന്‍ ഉന്നത തലങ്ങളിലേക്ക് അയച്ചെന്നുമാണ് കോടതിയില്‍ ഇ.സി പറഞ്ഞത്.
ടി.എം.സിയെ അഴിമതി പാര്‍ട്ടിയാണെന്നും ഹിന്ദു വിരുദ്ധ സംഘടനയാണെന്നും പറഞ്ഞുകൊണ്ട് ബി.ജെ.പി പരസ്യം നല്‍കിയിരുന്നു. ഇതിനുപുറമെ തൃണമൂല്‍ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പരസ്യം അവകാശപ്പെടുകയും ചെയ്തിരുന്നു.
പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലാണ് ഈ പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Content Highlight: Calcutta High Court criticizes Election Commission for not processing complaints against BJP advertisements