ബംഗാളില്‍ 2010 മുതല്‍ നല്‍കിയ എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി
national news
ബംഗാളില്‍ 2010 മുതല്‍ നല്‍കിയ എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 9:05 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 2010 മുതല്‍ നല്‍കിയ എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിലാണ് കോടതിയുടെ നിര്‍ണായക വിധി.

2010ന് ശേഷം തയ്യാറാക്കിയ ഒ.ബി.സി ലിസ്റ്റ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. 1993ലെ പശ്ചിമ ബംഗാള്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്വേര്‍ഡ് കമ്മീഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ ഒ.ബി.സികളുടെ പുതിയ പട്ടിക തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പശ്ചിമ ബംഗാള്‍ പിന്നോക്ക വിഭാഗ നിയമം, 2012 സെക്ഷന്‍ 2H, 5, 6, സെക്ഷന്‍ 16, ഷെഡ്യൂള്‍ I, III എന്നിവ പ്രകാരം ഒ.ബി.സി ലിസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് തപബ്രത ചക്രബര്‍ത്തി, രാജശേഖര്‍ മന്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ ഇതിനോടകം സര്‍വീസിലുള്ളവരോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ സംസ്ഥാനത്തെ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിച്ചവരോ ആയ ആളുകളുടെ സേവനത്തെ ഈ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി വിധിയില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഇത് ബി.ജെ.പിയുടെ ഗൂഢാലോചന ആണെന്നും കോടതി വിധി അംഗീകരിക്കില്ലെന്നുമാണ് മമതയുടെ പ്രതികരണം. 2011ല്‍ അധികാരത്തിലേറിയ തൃണമൂല്‍ സര്‍ക്കാര്‍ നല്‍കിയ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും.

‘ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സംവരണം ഇനിയും തുടരും. സംവരണം നടപ്പാക്കുന്നതിന് മുമ്പ് വീട് തോറും സര്‍വേ നടത്തിയിരുന്നു. അതിനു ശേഷമാണ് സംവരണ ബില്‍ മന്ത്രിസഭയും നിയമസഭയും പാസാക്കിയത്,’ മമത പറഞ്ഞു.

Content Highlight: Calcutta High Court canceled all OBC certificates issued in Bengal since 2010