കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് നടന്ന സന്ദേശ്കാലി അക്രമക്കേസ് സി.ബി.ഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതി.
ഷാജഹാന്‍ ഷെയ്ഖിനെതിരായ ലൈംഗികാതിക്രമ കേസും ഭൂമികയ്യേറ്റ കേസും അന്വേഷിക്കാന്‍ സന്ദേശ്കാലിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ കയ്യേറ്റം ചെയ്തിരുന്നു. ഇത് ഉള്‍പ്പടെയുള്ള എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.
കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് സി.ബി.ഐക്ക് കൈമാറി ഉത്തരവിറക്കിയത്.
കേസ് അന്വേഷണത്തിനായി സന്ദേശ്കാലിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും അവരുടെ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്കാലി ഗ്രാമത്തിലെ സ്ത്രീകൾ നൽകിയ ലൈംഗികാതിക്രമ പരാതിയിലും ഭൂമി കയ്യേറ്റ കേസിലുമാണ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് സി.പി.എമ്മും ബി.ജെ.പിയും പ്രതിഷേധിച്ചിരുന്നു. സ്ത്രീകളുൾപ്പടെയുള്ളവർ ഒരു മാസത്തോളമായി നടത്തിയ സമരത്തിന് ശേഷമാണ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.
Contant Highlight: Calcutta HC transfers Sandeshkhali case involving Sheikh Shahjahan to CBI