തൃണമൂല്‍ ആക്രമണം: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ ഏപ്രില്‍ 16 വരെ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി
National
തൃണമൂല്‍ ആക്രമണം: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ ഏപ്രില്‍ 16 വരെ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th April 2018, 3:50 pm

കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും ഏപ്രില്‍ 16 വരെ നിര്‍ത്തിവെക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ചുള്ള ബി.ജെ.പി ബംഗാള്‍ നേതൃത്വത്തിന്റെ ഹര്‍ജിയിലാണ് വിധി.

മറ്റുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ നല്‍കാതിരിക്കാന്‍ തൃണമൂല്‍ വ്യാപകമായി അക്രമവും കൈയേറ്റവും നടത്തുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.


Read Also | ഒടുവില്‍ കുറ്റസമ്മതം; യൂ.പിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ ഇരട്ടിയായെന്ന് നിയമസഭയില്‍ യോഗി സര്‍ക്കാര്‍


പരാതിയെ തുടര്‍ന്ന് എന്തൊക്കെ നടപടികള്‍ എടുത്തെന്ന് ഏപ്രില്‍ 16 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടു. കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തെരഞ്ഞെടുപ്പ് നടപടികള്‍ തുടരുന്നതില്‍ തീരുമാനമെടുക്കൂ എന്നും ജസ്റ്റിസ് സുബ്രത തലുക്ദാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് മെയ് 1,3,5 എന്നീ തീയ്യതികളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ വിധി. മെയ് 8നാണ് വോട്ടെണ്ണല്‍ തീയതി. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൃണമൂലിനും ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ.എം എന്നീ പാര്‍ട്ടികള്‍ക്കും ശക്തിപ്രകടനം കൂടിയാണ്.


Read Also| മോദിയെകണ്ടംവഴി ഓടിച്ച് തമിഴ്മക്കള്‍; മലയാളിയുടെ പോമോനേ സ്‌റ്റൈല്‍ ഏറ്റുപിടിച്ച് തമിഴ് സോഷ്യല്‍ മീഡിയ- ട്രോളുകള്‍ കാണാം


കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ലോക്‌സഭ എം.പിയും ബി.ജെ.പി നേതാവുമായ ബാബുല്‍ സുപ്രിയോ പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുളള അക്രമപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്.
കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.


Read Also| പ്രമേഹം വരുമോയെന്ന ഭയം കൊണ്ട് ഇഷ്ടഭക്ഷണം ഒഴിവാക്കാറുണ്ടോ നിങ്ങള്‍? ഇനി പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ നിന്ന് ഈ അഞ്ച് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതി


നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പരാതി നല്‍കാനായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയ ബി.ജെ.പി നേതാക്കളും ആക്രമിക്കപ്പെട്ടിരുന്നു.