തിരുവനന്തപുരം: ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരും മത്സ്യബന്ധനത്തിനായും മറ്റും കടലില്‍ പോകരുതെന്ന് നിര്‍ദേശം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വലിയ തിരമാലകള്‍ക്ക് സാധ്യത.
ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സമുദ്ര നിരപ്പില്‍ നിന്നും 10 അടി മുതല്‍ 11 അടി വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പൊകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതിനാലായിരുന്നു കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓഖി ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം. ഇതിനെ തുടര്‍ന്ന കേന്ദ്ര സംസ്ഥാന ഗവേഷണ കേന്ദ്രങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.