| Thursday, 20th January 2022, 3:31 pm

വിവേചനവിരുദ്ധ നയത്തിലേക്ക് ജാതി ചേര്‍ത്ത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി; സ്വാഗതം ചെയ്ത് മനുഷ്യാവകാശ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: വിവേചന വിരുദ്ധ നയത്തിന്റെ വിഭാഗങ്ങളിലേക്ക് ജാതി ചേര്‍ത്ത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി. ഇതോടെ വിവേചന വിരുദ്ധ നയത്തിലേക്ക് ജാതി ചേര്‍ക്കുന്ന ആദ്യ യൂണിവേഴ്‌സിറ്റിയായിരിക്കുകയാണ് കാലിഫോര്‍ണിയ.

യു.എസില്‍ ജാതി വിവേചനത്തിനെതിരെ പോരാടുന്ന മനുഷ്യാവകാശ സംഘടകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം ഉണ്ടാവുന്നത് പതിവാണ്. ജാതിയുടെ പേരിലുള്ള ഏത് വേര്‍തിരിവിനെതിരെയും ഇനി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാര്‍ മാത്രമല്ല ജാതീയത അനുഭവിക്കുന്നത് എന്നതും മറ്റൊരു വസ്തുതയാണ്.

നേപ്പാളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പ്രേം പരിയാര്‍ തന്റെ രാജ്യത്തും ബംഗ്ലാദേശിലും ശ്രീലങ്കയിലുമുള്ള ജനങ്ങളും ജാതി വിവേചനം അനുഭവിക്കുന്നുണ്ടെന്ന് പറയുന്നു. ദളിത് സമുദായത്തില്‍ പെട്ടതിനാല്‍ നേപ്പാളില്‍ ആക്രമണത്തിനിരയിയതിന് പിന്നാലെ 2015ലാണ് പ്രേം പരിയാറിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. എന്നാല്‍ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് പ്രേം എന്‍.ബി.സി ന്യൂസിനോട് പറയുന്നു.

താന്‍ മാസ്റ്റേഴ്‌സ് ചെയ്യുന്ന സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടിയിരുന്നു. അവര്‍ തന്റെ പേര് ചോദിക്കുകയും പ്രേം പെരിയാര്‍ എന്ന പറഞ്ഞപ്പോള്‍ അടി മുതല്‍ മുടി വരെ നോക്കുകയും ചെയ്തു. ‘അവര്‍ അസ്വസ്ഥരാകുന്നത് എനിക്ക് അറിയാമായിരുന്നു. എന്റെ പേരില്‍ നിന്നും എന്റെ ജാതി അവര്‍ തിരിച്ചരിഞ്ഞു,’ പ്രേം പറഞ്ഞു.

അമേരിക്കയിലും 25 ശതമാനം ദളിതരും ദിവസവും ജാതി വിവേചനം അനുഭവിക്കുന്നുണ്ട്.

കഴിവുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ പ്രോത്സാഹനം കൊടുക്കുന്ന മൂല്യബോധമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ജോസഫ് കാസ്‌ട്രോ പറഞ്ഞു.

മനുഷ്യാവകാശ സംഘടനയായ ഇക്വാളിറ്റി ലാബ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം നാലിലൊന്ന് ദളിതരും അമേരിക്കയില്‍ ജാതി വിവേചനം അനുഭവിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: cal-state-schools-add-caste-anti-discrimination-policy

We use cookies to give you the best possible experience. Learn more