മുംബൈ: രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന വിപണി വെബ്സൈറ്റുകളായ ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും നടക്കുന്ന വില്‍പനമേളകള്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിന്റെ ലംഘനമാണെന്ന് രാജ്യത്തെ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി). കമ്പനികളുടെ വ്യാപാര മാതൃക സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ഈ മാസം അവസാനത്തോടെ പുതിയ വില്‍പനമേള ആരംഭിക്കാനിരിക്കെയാണ് വ്യാപാരികള്‍ ആരോപണവുമായെത്തിയത്. ഇത്തരം വില്‍പനമേളകള്‍ നടത്തുന്നതും വലിയ വിലക്കിഴിവുകള്‍ നല്‍കുന്നതും 2018 ലെ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിന്റെ ലംഘനമാണ്. അതിനാല്‍ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പരിശോധിക്കണമെന്നും വ്യാപാരമേളകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും സി.എ.ഐ.ടി ആവശ്യപ്പെട്ടു. ഇതിനു മുന്‍പും ഇതേ വിഷയത്തില്‍ സി.എ.ഐ.ടി മന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്താനോ അതില്‍ ഇടപെടാനോ ഇ-കൊമേഴ്സ് കമ്പനികള്‍ക്കാവില്ലെന്നും സി.എ.ഐ.ടി പറഞ്ഞു. ഒരു ടെക്ക്നിക്കല്‍ പ്ലാറ്റ്ഫോം എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമേ കമ്പനികള്‍ക്ക് എഫ്.ഡി.ഐ അനുവാദം നല്‍കുന്നുള്ളൂ.