| Wednesday, 12th April 2023, 3:15 pm

ആനയെ പിടിക്കൂടി കൂട്ടിലടക്കുന്നതല്ല ഉചിതമായ മാര്‍ഗം: അരിക്കൊമ്പന്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന പരാമര്‍ശവുമായി ഹൈക്കോടതി. അധികാര സ്ഥാനങ്ങളില്‍ നിലക്കുന്നവര്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് സമര്‍പ്പിച്ച ഹരജി കേള്‍ക്കവേയാണ് കോടതിയുടെ പരാമര്‍ശം.

‘അരിക്കൊമ്പന്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അധികാര സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നു.

ചിന്നക്കനാല്‍ മേഖലകള്‍ ആനകളുടെ ഒരു ആവാസവ്യവസ്ഥയായിരുന്നു. അവിടെ പട്ടയം നല്‍കി, യൂക്കാലി മരങ്ങള്‍ നട്ടു. അങ്ങനെ ആവാസവ്യവസ്ഥയില്‍ നിന്ന് ആനകള്‍ പുറത്തിറങ്ങി.

കേരളത്തില്‍ മാത്രമല്ല, മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,’ കോടതി ചോദിച്ചു.

ആനയെ പിടിക്കൂടി കൂട്ടിലടക്കുന്നത് ഒരു മാര്‍ഗമേയല്ലെന്നും കോടതി പറഞ്ഞു. നേരത്തേയും കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.

ആനകളെ പിടിച്ച് കൂട്ടിലടക്കുക വളരെ എളുപ്പമുള്ള കാര്യമാണെന്നും പക്ഷേ ആനകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

വിദഗ്ദ സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാമെന്ന തീരുമാനത്തിലെത്തിയതെന്നും മറ്റേതെങ്കിലും സ്ഥലങ്ങള്‍ അങ്ങനെയുണ്ടോയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

content highlight: Caging an elephant is not the right way: People’s representatives are misleading people on paddy field: HC

We use cookies to give you the best possible experience. Learn more