| Friday, 31st August 2012, 2:29 pm

സി.എ.ജിയെയല്ല, അതിന്റെ തലവനെയാണ് വിമര്‍ശിച്ചതെന്ന് ദിഗ്‌വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.എ.ജിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് രംഗത്ത്. താനുദ്ദേശിച്ചത് സി.എ.ജിയെന്ന ഭരണ പ്രസ്ഥാനത്തെയല്ല, മറിച്ച് ഇപ്പോള്‍ ആ പ്രസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയെയാണെന്നും അദ്ദേഹം വ്യക്തമാക്കി. []

കല്‍ക്കരി ഖനി അനുമതി പ്രശ്‌നത്തില്‍ എടുത്തുചാടി  നടപടിയെടുക്കില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കല്‍ക്കരി ഖനി അനുമതി സി.എ.ജി സെന്‍സേഷണലൈസ് ചെയ്യുകയും കൂട്ടിപ്പറയുകയുമാണെന്ന് ദിഗ്‌വിജയ് സിങ് നേരത്തെ പറഞ്ഞിരുന്നു. വസ്തുതകള്‍ സ്ഥിരീകരിക്കാതെയും അവാസ്തവമായ നഷ്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കോടികളുടെ നഷ്ടമുണ്ടായെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയുമാണ് സി.എ.ജി ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

1980ന്റെ അവസാനം സി.എ.ജി ടി.എന്‍ ചതുര്‍വേദി ബോഫോഴ്‌സ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇതേത്തുടര്‍ന്ന് ബി.ജെ.പി പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുകയും സഭാനടപടികള്‍ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചതുര്‍വേദി പിന്നീട് ബി.ജെ.പിയില്‍ ചേരുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കല്‍ക്കരി ഖനി അനുവദിച്ചതില്‍ സുതാര്യതയില്ലാത്തത് മൂലം 1.86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more