തിരുവനന്തപുരം: കിഫ്ബി കടമെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെ തള്ളി സി.എ.ജി റിപ്പോര്‍ട്ട്. കിഫ്ബി വഴിയുള്ള വായ്പ എടുക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ണായകമായ പരിശോധനാ റിപ്പോര്‍ട്ടില്‍ കിഫ്ബിയില്‍ നിന്ന് കടമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി മാറുന്നുവെന്നും പറയുന്നു. കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്ന് പറയുന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ കിഫ്ബിക്കുള്ളത് ആകസ്മിക ബാധ്യതയാണെന്നുള്ള സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നും പറയുന്നു.
കിഫ്ബി വഴിയുള്ള വായ്പയെടുക്കല്‍ വന്‍ ബാധ്യതയുണ്ടാക്കുമെന്ന് സി.എ.ജി കണ്ടെത്തിയെന്ന് കാണിച്ച് ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സഭയില്‍ മേശപ്പുറത്ത് വെച്ചത്.
സി.എ.ജി റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനിരിക്കെയാണ് സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
കേരളത്തന്റെത് ഇല്ലാത്ത അധികാരമാണെന്നും കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍. ബി. ഐ നല്‍കിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കിഫ്ബിയെ തകര്‍ക്കാന്‍ വലിയ തോതിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നായിരുന്നു നേരത്തെ തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞത്. വലിയ വായ്പയെടുത്ത് വികസന പദ്ധതി നടത്തിയ കിഫ്ബിയുടെ മാതൃക മറ്റെവിടെയുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
വിരോധമുള്ള ചിലര്‍ കോടതിയില്‍ പോയി. സി.എ.ജിയെയും കക്ഷി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് സി.എ.ജി ഓഡിറ്റിന്റെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പരാമര്‍ശമാണ് അന്തിമ റിപ്പോര്‍ട്ടില്‍ വന്നതെന്നുമായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക