സംസ്ഥാനത്ത് നികുതി വരുമാനത്തില്‍ 833 കോടി രൂപയുടെ നഷ്ടം- സി.എ.ജി
Daily News
സംസ്ഥാനത്ത് നികുതി വരുമാനത്തില്‍ 833 കോടി രൂപയുടെ നഷ്ടം- സി.എ.ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th June 2014, 2:20 pm

[] തിരുവനന്തപുരം: വാണിജ്യ നികുതി ഇനത്തില്‍ മാത്രം 833 കോടി രൂപയുടെ നഷ്ടം സര്‍ക്കാറിനുണ്ടായിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട്.

1920 കേസുകളിലായി വാറ്റ് (മൂല്യവര്‍ധിത നികുതി) പിരിവില്‍ വീഴ്ച വരുത്തുകയും കുറഞ്ഞ നികുതി നിരക്ക് ഉപയോഗിച്ച് വഴിവിട്ടു സൗജന്യങ്ങള്‍ അനുവദിച്ചതായും അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണത്തില്‍ ഗുരുതുതര ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റീസര്‍വേ നടത്താനും ആദിവാസികള്‍ക്കു നല്‍കേണ്ട 27,000 ഹെക്ടര്‍ ഭൂമി കണ്ടെത്താനമുള്ള ലക്ഷ്യങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭൂമികേരളം പദ്ധതി പരാജയമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കുന്നതിനായി 10.99 കോടി പാഴാക്കിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വകാര്യ വൈദ്യുതി ഉല്‍പാദകരില്‍നിന്നു വൈദ്യുതി വാങ്ങിയ ഇനത്തില്‍ കെ.എസ്.ഇ.ബി വന്‍ നഷ്ടമാണു നേരിട്ടതെന്നും എ.ജി കുറ്റപ്പെടുത്തി. ശുദ്ധ ജലം വിതരണം ചെയ്യാന്‍ പോലും വാട്ടര്‍ അതോറിറ്റിക്ക് കഴിയുന്നില്ലെന്നും 532.83 കോടി രൂപയുടെ വെള്ളക്കരം കുടിശിക പിരിക്കാനും നടപടിയെടുത്തിട്ടില്ലെന്നും സി.എ.ജി വ്യക്തമാക്കി.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണക്കാരെക്കൊണ്ട് തിരിച്ചെടുപ്പിക്കാതിരുന്ന മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 2.91 കോടിയുടെ നഷ്ടമുണ്ടാക്കി. മരുന്നുകളുടെ ഗുണനിലവാര പരിശോധനാഫലം വൈകിയതിനാല്‍ ഗുണ നിലവാരമില്ലാത്ത മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കേണ്ടിവന്നത്.

പട്ടികജാതി പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള ഇന്‍സെന്റീവ് പദ്ധതി മുടങ്ങിയത് ഉദ്യോഗസ്ഥ വീഴ്ച മൂലമാണെന്നും സി.എ.ജി റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. നിര്‍ധനരായ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രയോജനപ്രദമാകേണ്ട പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് പാഴായതെന്നും സി.എ.ജി കണ്ടെത്തി.

പിരിച്ചെടുക്കുന്ന നികുതിയുടെ കണക്ക് കെ.എസ്.ആര്‍.ടി.സി ഖജനാവിലെത്തിക്കുന്നില്ലെന്നും 15 ലക്ഷം വരിക്കാറുള്ള കെ.എസ്.എഫ.ഇ.ക്ക് ചിട്ടിനടത്തിപ്പില്‍ കോടികളുടെ നഷ്ടമുണ്ടായെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.