കല്‍ക്കരി ഖനി ലേലത്തിലും അഴിമതി; 2ജിക്കും കോമണ്‍വെല്‍ത്തിനും ശേഷം സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍
India
കല്‍ക്കരി ഖനി ലേലത്തിലും അഴിമതി; 2ജിക്കും കോമണ്‍വെല്‍ത്തിനും ശേഷം സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd March 2012, 8:00 pm

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കും കോമണ്‍വെല്‍ത്ത് അഴിമതിക്കും ശേഷം മറ്റൊരു അഴിമതിക്കഥയുടെ ദുര്‍ഭൂതം യു.പി.എ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയാണ്. 2004-2009 കാലഘട്ടത്തില്‍ രാജ്യത്തെ 155 കല്‍ക്കരി ഖനികള്‍ ലേലം ചെയ്യാതെ വിട്ടു നല്‍കിയതിലൂടെ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്തംഭിച്ചു. അതിനിടെ, മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് സി.എ.ജി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

155 കല്‍ക്കരിപ്പാടങ്ങളിലെ ലേലം വൈകിപ്പിച്ചതിലൂടെ സര്‍ക്കാറിന് വന്‍ തുക നഷ്ടമായെന്ന സി.എ.ജി റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. പത്ത് പൊതുമേഖലാ സ്ഥാപനങ്ങളടക്കം നൂറോളം കമ്പനികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഭരണ സമയത്താണ് ക്രമക്കേട് നടന്നിരിക്കുന്നത്. 2ജി ക്രമക്കേടിലെ നഷ്ടത്തേക്കാള്‍ ആറ് ഇരട്ടി അധികം നഷ്ടമാണ് സി.ഐ.ജി കല്‍ക്കരി ഖനി ലേലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 110 പേജ് വരുന്ന റിപ്പോര്‍ട്ടാണു സി.എ.ജി തയാറാക്കിയിരിക്കുന്നത്.

സി.എ.ജിയുടെ കണക്കു പ്രകാരം ഏറ്റവും നേട്ടമുണ്ടായത് രണ്ടു കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സിയാണ്. 57,325 കോടി രൂപയാണ് ഇവരുടെ നേട്ടം. തമിഴ്‌നാട് വൈദ്യുതി വകുപ്പും, എം.സി.എലും സംയുക്തമായി വാങ്ങിയ കല്‍ക്കരിപ്പാടത്തിലൂടെയുണ്ടായ നേട്ടം 26,584 കോടിയാണ്. സ്വകാര്യ മേഖലയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ടാറ്റയും സാസോളും ചേര്‍ന്നുള്ള സംയുക്ത സംരഭമായ സ്ട്രാറ്റജിക് എനര്‍ജിടെക് സിസ്റ്റംസാണ്. 33,060 കോടി രൂപയുടെ നേട്ടമാണ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇലക്‌ട്രോ സ്റ്റീല്‍സിന് 26,000 കോടിയും ജിന്‍ഡാല്‍ സ്റ്റീല്‍സിനു 21,000 കോടിയും നേട്ടമുണ്ടായി.

സി.എ.ജി റിപ്പോര്‍ട്ടില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സമ്മേളിച്ചപ്പോള്‍ തന്നെ ജെ.ഡി.യു അംഗങ്ങള്‍ ബഹളം തുടങ്ങുകയായിരുന്നു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ ബി.ജെ.പി, ജെ.ഡിയ.ു അംഗങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി നടുത്തളത്തിലിറങ്ങി. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ സഭ ഉച്ചയ്ക്കു 12 മണിവരെ നിര്‍ത്തിവച്ചു.

ചോദ്യോത്തരവേള മാറ്റിവച്ച് സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷ ബഹളം അരങ്ങേറി. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യസഭ പതിനഞ്ച് മിനിറ്റ് നേരത്തേക്കു നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യസഭയും ഉച്ചയ്ക്കു 12 മണിവരെ നിര്‍ത്തിവെച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ പുറത്ത് വന്നരിക്കുന്നതെന്നും സി.എ.ജിയുടെ കണ്ടെത്തല്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അഴിമതിയില്‍ സര്‍ക്കാറിന് വ്യക്തമായ പങ്കുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് 70,000 കോടിയുടെ അഴിമതിയാണ്. 2 ജി സ്‌പെക്ട്രം 1.76 ലക്ഷം കോടിയും. എന്നാല്‍ ഖനി അഴിമതി 10.67 ലക്ഷം കോടിയുടെതായെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്‌സ്വാല്‍ തയ്യാറായില്ല. താന്‍ രണ്ടാം യു.പി.എ സര്‍ക്കാറിലെ കല്‍ക്കരി മന്ത്രിയാണെന്നും താന്‍ മന്ത്രിയായ ശേഷം ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രത്തിലെ റിപ്പോര്‍ട്ടനുസരിച്ച് അഴിമതിയല്ല നടന്നതെന്നും സര്‍ക്കാറിന് നഷ്ടം വരിക മാത്രമാണഅ ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ന്യായീകരിച്ചു.

എന്നാല്‍, വിവാദ കല്‍ക്കരി ഇടപാടു സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലില്ല. ഇല്ലാത്ത റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു സഭകളിലെയും ഈ സംഭവ വികാസങ്ങളെ തുടര്‍ന്നാണ് സി.എ.ജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും നഷ്ട സംഖ്യ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും സി.എ.ജി കത്തില്‍ അറിയിച്ചിട്ടുണ്ട്.

Malayalam news

Kerala news in English