| Friday, 17th August 2012, 1:14 pm

കല്‍ക്കരി ഖനി അഴിമതി, 2ജി സ്‌പെക്ട്രത്തേക്കാള്‍ വലുത്: സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരി ഖനി വിഭജനത്തില്‍ ലേലം വിളിക്കാത്തത് മൂലം 2ജി സ്‌പെക്ട്രത്തേക്കാള്‍ വലിയ നഷ്ടമാണുണ്ടായതെന്ന കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് രാജ്യസഭയില്‍. കല്‍ക്കരി ഖനന അനുമതി നല്‍കുന്നതില്‍ ലേലം വിളിക്കാത്തത് മൂലം 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.[]

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. 2004-2006 വരെയുള്ള കല്‍ക്കരി ഖനി വിഭജനങ്ങള്‍ സുതാര്യമല്ല. പ്രധാനമായും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കല്‍ക്കരി മന്ത്രിയായിരുന്ന 2006-2009 കാലഘട്ടത്തില്‍. ലേലത്തിലേക്ക് പോകാന്‍ ആറ് വര്‍ഷം താമസിച്ചത് സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ ഗ്രൂപ്പ്, നവീന്‍ ജിന്റാല്‍ ഗ്രൂപ്പ്, എസ്സാര്‍ ഗ്രൂപ്പ്, അഭിജീത് ഗ്രൂപ്പ്, ലക്ഷ്മി മിത്തലിന്റെ ആര്‍സെലര്‍, വേഡന്റ എന്നിവരെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കല്‍ക്കരി ഖനി അനുമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് എന്തെങ്കിലും റോളുണ്ടോയെന്ന കാര്യം സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ഖനി അനുമതിക്കുന്നതില്‍ ലേലം വിളിക്കണമെന്ന് 2004ല്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിലുണ്ടായ കാലതാമസം സ്വകാര്യ കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കി. ആറ് വര്‍ഷത്തിന് ശേഷം 2012ലാണ് ലേലത്തിനുള്ള നിയമങ്ങള്‍ ആവിഷ്‌കരിച്ചതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

2004 ജൂണ്‍ വരെ 39 ബ്ലോക്കുകള്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍ ഉല്പാദനം വര്‍ധിപ്പിക്കാനെന്ന പേരില്‍ 2004-2006 കാലയളവില്‍ 142 ബ്ലോക്കുകള്‍ക്ക് അനുമതി നല്‍കി. ഇതില്‍ സര്‍ക്കാര്‍-സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടുന്നു. സ്റ്റിയറിങ് കമ്മിറ്റി സുതാര്യമല്ലാത്ത രീതിയില്‍ നല്‍കിയ അനുമതി സ്വകാര്യമേഖലയിലെ നിരവധി പേര്‍ക്ക് സഹായകരമായെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.

We use cookies to give you the best possible experience. Learn more