[] ന്യൂദല്‍ഹി: കൃഷ്ണഗോദാവരി നദീതടത്തില്‍ എണ്ണ-പാചക വാതക ഉല്പാദനത്തിന് അനുമതിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അമിത ചിലവും ഉല്പാദനക്കുറവും കൊണ്ട് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. സര്‍ക്കാറുമായുള്ള കരാര്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആം ആദ്മി പാര്‍ട്ടിയാണ് സി.എ.ജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ രേഖകള്‍ ബജറ്റ് അവരണ സമയത്ത് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പാര്‍്ട്ടി വ്യക്തമാക്കി. 2005 ഓടെ എണ്ണപ്പാടങ്ങളുടെ അമ്പത് ശതമാനവും 2007 ഓടെ ബാക്കി പ്രദേശങ്ങളും ഒഴിഞ്ഞു നല്‍കണമെന്ന കരാര്‍ വ്യവസ്ഥ 2013ലും റിലയന്‍സ് പാലിച്ചിട്ടില്ല.
പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഒഫ് ഹൈഡ്രോ കാര്ബണ്സും (ഡി.ജി.എച്ച് )ഈ അനധികൃത കൈയ്യടക്കലിന് അനുമതി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പിന്നീട് ഡി.ജി.എച്ച് ഇക്കാര്യത്തില്‍ തന്റെ നിലപാട് മാറ്റിയെങ്കിലും പെട്രോളിയം മന്ത്രി റിലയന്‍സിന് അനുകൂല നടപടിയുമായി ഇടപെട്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സര്‍ക്കാറുമായുള്ള കരാര്‍ പ്രകാരം പ്രതിദിനം വന്‍ ഉല്പാദനം നടത്തുമെന്നാണ് റിലയന്‍സ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കമ്പനി അത് പാലിച്ചില്ല. ഉല്പാദന ശേഷിയുടെ വളരെ കുറഞ്ഞ ശതമാനം ഉല്പാദനം മാത്രമാണ് കമ്പനി നടത്തിയതെങ്കിലും ഇതിന്റെ പേരില്‍ പിഴ ഈടാക്കാന്‍ കേന്ദ്രം ശ്രമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടത്തുന്ന ഓഡിറ്റുമായി റിലയന്‍സ് സഹകരിച്ചില്ല. തെറ്റായ വിവരങ്ങള്‍ നല്കി ഓഡിറ്റ് വഴിതിരിച്ചുവിടാന്‍ ശ്രമങ്ങള്‍ നടത്തി. പല സുപ്രധാന രേഖകളും നല്കാന് കമ്പനി വിസമ്മതിച്ചത് ഓഡിറ്റിങ്ങിന് പ്രയാസവും താമസവുമുണ്ടാക്കി. ഉപഭോക്താക്കളില്‍ നിന്ന് നിയമവിരുദ്ധമായി കൂടുതല്‍ തുക ഈടാക്കി- റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
2011 സി.ഐ.ജി റിപ്പോര്‍ട്ടിലും റിലയന്‍സിനെതിരെ ആരോപണമുണ്ടായിരുന്നു. പ്ളാന്റിലേക്ക് യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഒരുക്കുന്നതിന് കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിരുന്നത്.