ആറന്മുള: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും പങ്കാളിയായെന്ന് സി.എ.ജി
Daily News
ആറന്മുള: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും പങ്കാളിയായെന്ന് സി.എ.ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2014, 7:34 pm

[] തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട്. പദ്ധതിയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നും വിമാന കമ്പനികളുടെ നിയമലംഘനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ 2004 മുതല്‍ സര്‍ക്കാരുകള്‍ നടത്തിയ ക്രമക്കേടുകളാണ് സി.എ.ജി പരമാര്‍ശിച്ചിരിക്കുന്നത്. വിമാനത്താവളം സംബന്ധിച്ചുള്ള ഭൂമി ഇടപാടുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സി.എ.ജി കുറ്റപ്പെടുത്തി.

വസ്തുതകള്‍ മറച്ചുവച്ചാണ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. പൊതുജന താല്‍പര്യത്തിന് എതിരായിട്ടും പദ്ധതിക്കായി സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികളാണുണ്ടായത്. കമ്പനിയില്‍ ഓഹരി എടുത്തതോടെ സര്‍ക്കാരും തട്ടിപ്പില്‍ പങ്കാളിയായെന്നും സെക്രട്ടേറിയേറ്റു മുതല്‍ താഴേത്തട്ടുവരെ ഗുരുതരമായ നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോഴഞ്ചേരി എജ്യൂക്കേഷണല്‍ ചാരിറ്റബില്‍ സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2004 മുതല്‍ ഒമ്പതുവര്‍ഷം കിട്ടിയിട്ടും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. പദ്ധതിക്ക് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അംഗീകാരം ലഭിച്ചതോടെ കെ.ജി.എസ് ഗ്രൂപ്പിന് ക്രമവിരുദ്ധമായി ഭൂമി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

ആറന്മുള വിമാനത്താവളത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത സി.എ.ജി പദ്ധതിയെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. നിരന്തരമായ നിയമപ്പോരാട്ടങ്ങളെ തുടര്‍ന്ന് പദ്ധതിയുടെ പാരിസ്ഥികാനുമതി ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.