ന്യൂദല്‍ഹി: ലഡാക്, സിയാച്ചിന്‍ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് കൊടും തണുപ്പിനെ അതിജീവിക്കാന്‍ സാധ്യമായ ബൂട്ടുകളും വസ്ത്രങ്ങളും നല്‍കുന്നതില്‍ വീഴ്ച വരുത്തിയതില്‍ ഇന്ത്യന്‍ ആര്‍മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍.
പ്രതികൂല കാലാവസ്ഥയിലും വെല്ലുവിളികള്‍ നിറഞ്ഞ ഭൂപ്രദേശങ്ങളിലും നിയോഗിച്ചിട്ടുള്ള സൈനികര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും വസ്ത്രങ്ങളും ആവശ്യാനുസരണം നല്‍കുന്നതിന് സൈനിക സംവിധാനങ്ങള്‍ പരാജയമാണെന്ന് സി.എ.ജി പാര്‍ലിമെന്റ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കൊടും തണുപ്പില്‍നിന്നും രക്ഷനേടാന്‍ ആവശ്യമായ, മൈനസ് 55 ഡിഗ്രി തണുപ്പ് വരെ താങ്ങാന്‍ കഴിയുന്ന കാലുറകള്‍ ലഭ്യമല്ലാത്ത അവസ്ഥയില്‍ പഴയ ബൂട്ടുകള്‍ നന്നാക്കി വീണ്ടും ഉപയോഗിക്കുകയാണ് സൈനികര്‍ എന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. വില കുറഞ്ഞ തുണി സഞ്ചികളും ഗുണമേന്മയില്ലാത്ത മറ്റ് ഉപകരണങ്ങളുമാണ് ആര്‍മി പൊതുവെ വാങ്ങാറുള്ളതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
7.74 കോടി രൂപ അധികം ചെലവാക്കി വാങ്ങിയ 31,779 കിടക്കകളും തണുപ്പില്‍ ഉപയോഗിക്കുന്ന മുഖംമൂടികളും നിലവാരമില്ലാത്തവയാണെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.
സി.എ.ജി പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര പ്രതിരോധ സര്‍വകലാശാല സ്ഥാപിക്കാന്‍ താമസിക്കുന്നതിനെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി 1999-ല്‍ തന്നെ കേന്ദ്ര പ്രതിരോധ സര്‍വകലാശാല നിര്‍മിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ