| Sunday, 10th February 2019, 9:27 pm

സി.എ.ജി രാജീവ് മെഹ്രിഷി റഫാല്‍ കരാറിന്റെ ഭാഗമായിരുന്നു; അദ്ദേഹം എങ്ങനെ അത് ഓഡിറ്റ് ചെയ്യും: കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കരാര്‍ ചര്‍ച്ചകളുടെ ഭാഗമായിരുന്ന കോംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍
(സി.എ.ജി) രാജീവ് മെഹ്രിഷിക്ക് കരാറിനെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ്. റഫാല്‍ കരാറില്‍ ഒപ്പു വെക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച സമയത്ത് മെഹ്രിഷി ഫൈനാന്‍സ് സെക്രട്ടറിയായിരുന്നുവെന്നും റഫാലിന്റെ വിലപേശല്‍ സംഘത്തിലും അദ്ദേഹം അംഗമായിരുന്നെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റില്‍ മെഹ്രിഷിയായിരിക്കും സി.എ.ജി റിപ്പോര്‍ട്ട് അവതരിപ്പിക്കുക എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

“ധനകാര്യ മന്ത്രാലയം വിലപേശലില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മെഹര്‍ഷിക്കു കീഴിലാണ് റഫാല്‍ കരാര്‍ നടന്നതെന്ന് വ്യക്തമാണ്. ഇപ്പോള്‍ അദ്ദേഹം സി.എ.ജിയാണ്. അദ്ദേഹത്തെ ഞങ്ങള്‍ രണ്ടു പ്രാവശ്യം കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തോട് ഞങ്ങള്‍ ഇതിലെ അഴിമതിയെ പറ്റിയും സംസാരിച്ചു. ഇതില്‍ അഴിമതി നടന്നതു കൊണ്ടു തന്നെ ഇതില്‍ അന്വേഷണം വേണമെന്നും അദ്ദേഹത്തോട് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിനെങ്ങനെ സ്വന്തം പേരില്‍ അന്വേഷണം നടത്താന്‍ കഴിയും”- സിബല്‍ പറഞ്ഞു. മെഹര്‍ഷി ആദ്യം തന്നെയും പിന്നീട് കേന്ദ്ര സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.


“ഗോ ബാക്ക് മോദി” എന്ന് പറയുന്നത് ഞാന്‍ ദല്‍ഹിയിലേക്ക് തന്നെ തിരിച്ചു പോയി വീണ്ടും രാജ്യം ഭരിക്കണം എന്നാഗ്രഹിക്കുന്നവര്‍; നരേന്ദ്ര മോദി


നിഷ്പക്ഷതയെ മാനിച്ച് മെഹ്രിഷി ഓഡിറ്റില്‍ നിന്ന് മാറി നില്‍ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യതാല്‍പര്യവും രാജ്യസുരക്ഷയും സന്ധി ചെയ്തതായും റഫാല്‍ കരാറിനെക്കുറിച്ച് അന്വേഷിക്കേണ്ടത് സി.എ.ജിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more