| Thursday, 17th April 2014, 3:09 pm

സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എ.ജി ഓഡിറ്റിങ് നടത്താം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളിലും സി.എ.ജി ഓഡിറ്റിങ് നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സ്വകാര്യ ടെലികോം കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ സിഎജിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

അസോസിയേഷന്‍ ഓഫ് യുണിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അധികാരമില്ലെന്നുള്ള കമ്പനി വാദം കോടതി അംഗീകരിച്ചില്ല.

ഇത്തരം സൂക്ഷ്മപരിശോധന സര്‍ക്കാരിന് അര്‍ഹതപ്പെട്ട വിഹിതം ലഭിക്കുന്നതിന് സഹായിക്കുമെന്ന് കോടതി വ്യക്തമാക്കി. ടെലികോം കമ്പനികളുടെ കണക്കുകള്‍ നിയന്ത്രിതമായ തോതില്‍ പരിശോധിക്കാന്‍ ദല്‍ഹി ഹൈക്കോടതി നേരത്തെ സി.എ.ജിക്ക് അനുമതി നല്‍കിയിരുന്നു.

അനിയന്ത്രിതമായ ഓഡിറ്റിങ്

ടെലികോം കമ്പനികളുടെ കണക്കുകള്‍ നിയന്ത്രിതമായ തോതില്‍ പരിശോധിക്കാന്‍ ദല്‍ഹി ഹൈക്കോടതി നല്‍കിയ ഈ ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ടാണ് ഭാഗികമായ ഓഡിറ്റോ സ്‌പെഷ്യല്‍ ഓഡിറ്റോ അല്ല, പൊതു ഖജനാവിന് നഷ്ടം വരുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ശക്തമായ ഓഡിറ്റിങാണ് നടത്തേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സ്വകാര്യ കമ്പനികള്‍ കണക്കില്‍ കൃത്രിമം വരുത്തി നികുതി വിഹിതം വെട്ടിക്കുന്നതായി ട്രായ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സി.എ.ജി കണക്ക് പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നു വന്നത്.

ദല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സ്വകാര്യ വൈദ്യുത കമ്പനികളെ ഓഡിറ്റ് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.

We use cookies to give you the best possible experience. Learn more