[] തിരുവനന്തപുരം: തീരദേശ മേഖലാ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് കെട്ടിട നിര്‍മ്മാണത്തിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ചെലവന്നൂര്‍ കായല്‍ത്തീരത്ത് 19 കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയതിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
തീരദേശ നിയന്ത്രണ അതോറിറ്റിയുടെ അനുമതിയും പാരിസ്ഥിതികാനുമതിയും ഇല്ലാതെ തീരദേശ മേഖലാ നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അനുവദീയമായ ഉയര പരിധി ലംഘിച്ച് 21 നില വന്‍കിട കെട്ടിടങ്ങള്‍ക്ക് വരെ നഗരസഭ അനുമതി നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
1986 ലെ പരിസ്ഥിതി സംരക്ഷണനിയമം അനുസരിച്ച് കായലിന്റെ 500 മീറ്റര്‍ വരെയുള്ള പ്രദേശത്ത് നിര്‍മ്മാണം അനുവദനീയമല്ല. മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുമ്പായി തീരദേശമേഖലാ മാനേജ്‌മെന്റ് അതോറിട്ടിയുടെ അംഗീകാരം തേടണമെന്നും അഞ്ച് കോടിയിലധികം ചെലവ് വരുന്ന പദ്ധതിയാണെങ്കില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും നിയമമുണ്ട്.
ഈ നിയമങ്ങള്‍ പാലിക്കാതെയാണ് ചെലവന്നൂര്‍ കായല്‍ തീരത്ത് കെട്ടിടനിര്‍മ്മാണത്തിന് നഗരസഭ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് . നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നഗരസഭ നിര്‍ദേശിച്ചിട്ടും പലരും നിര്‍മ്മാണം തുടരുകയാണെന്നും സിഎജി കുറ്റപ്പെടുത്തുന്നു.