ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഈ രണ്ട് താരങ്ങളിലും ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.
റൊണാള്‍ഡോയും മെസിയും ഇരുവരിലും ആരാണ് മികച്ചത് എന്നതിനെക്കുറിച്ച് മുന്‍ ബ്രസീലിയന്‍ താരം കഫു തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ടെക്‌നിക്കല്‍ പരമായി മെസി റൊണാള്‍ഡോയേക്കാള്‍ മികച്ചതാണെന്നാണ് കഫു പറഞ്ഞത്. ബീയിന്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ബ്രസീലിയന്‍ താരം.
‘ഫുട്‌ബോളില്‍ മെസിയെ പ്രതിരോധിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം മെസി ഈ കാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ്. ചില ആളുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് പറയുന്നു. എന്നാല്‍ സാങ്കേതികമായി റൊണാള്‍ഡോയേക്കാള്‍ മികച്ചതാണ് മെസിയെന്ന് ഞാന്‍ പറയും,’ കഫു പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 905 മത്സരങ്ങളില്‍ നിന്നും 737 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.
രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
മറുഭാഗത്ത് റൊണാള്‍ഡോ നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്.
യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.
Content Highlight: Cafu Talks About Lionel Messi