| Wednesday, 31st July 2019, 7:45 am

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്.

നേത്രാവതി നദിക്കരികില്‍ വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതാവുന്നത്. മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ തന്റെ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.

മംഗളൂരുവിന് സമീപം നേത്രാവതി നദിയിലേക്ക് സിദ്ധാര്‍ത്ഥ ചാടിയതാവാമെന്നായിരുന്നു പൊലീസ് നിഗമനം. ഇതിനെ തുടര്‍ന്ന് നദിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, മുങ്ങല്‍ വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കം 200ഓളം പേര്‍ തിരച്ചില്‍ നടത്തിയിരുന്നു.

നേരത്തെ സിദ്ധാര്‍ത്ഥ എഴുതിയ കത്ത് പുറത്തുവന്നിരുന്നു.
കോഫി ഡേയിലെ ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് കത്ത് എഴുതിയത്. ഈ കത്താണ് സിദ്ധാര്‍ത്ഥയുടേത് ആത്മഹത്യയായേക്കാം എന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ജൂലായ് 27നാണ് കത്ത് എഴുതിയിരിക്കുന്നത്.

37 വര്‍ഷം കഠിനാധ്വാനത്തിലൂടെയും അര്‍പ്പണത്തിലൂടെയും നിരവധി പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞെങ്കിലും സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

ഓഹരി ഉടമകള്‍ അത് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ടെന്നും ഇനിയും ഇത് അനുഭവിക്കാന്‍ കഴിയില്ലെന്നും സിദ്ധാര്‍ഥ കത്തില്‍ വ്യക്തമാക്കുന്നു.ആദായ നികുതി വകുപ്പില്‍ നിന്ന് നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് അനീതിയായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more