|

സിസേറിയന്‍ വെറും തട്ടിപ്പാണ്; വയറ്റില്‍ ഒരു കുട്ടി നാല് വര്‍ഷം വരെ കിടക്കും: ഹക്കീം അസ്ഹരി; പിന്തുണയുമായി ഷുഐബുല്‍ ഹൈതമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രസവവുമായി ബന്ധപ്പെട്ട് വിചിത്ര പരാമര്‍ശം നടത്തിയ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ വീഡിയോ ചര്‍ച്ചയാവുന്നു.

സിസേറിയന്‍ എന്നത് ഡോക്ടര്‍മാര്‍ നടത്തുന്ന തട്ടിപ്പ് ആണെന്നും ഒരു കുട്ടി വയറ്റില്‍ നാല് വര്‍ഷം വരെ കിടക്കുമെന്നും എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര പരാമര്‍ശം.

പ്രസവം ഒരു സ്വാഭാവിക പ്രക്രിയ ആണെന്നും സമയം ആവുമ്പോള്‍ അത് നടന്നുകൊള്ളുമെന്നും അതിന് സിസേറിയന്റെ ആവശ്യമില്ലെന്നുമായിരുന്നു അസ്ഹരിയുടെ പരാമര്‍ശം. പത്ത് മാസം കഴിഞ്ഞാല്‍ ഇപ്പോള്‍ പൊട്ടും എന്നാലോചിച്ച് ടെന്‍ഷന്‍ ആവാതെ ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞാല്‍ മതിയെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

‘ഡോക്ടര്‍ കണക്ക് കൂട്ടിയിട്ട് പറയും 13നാണ് ഡേറ്റ് എന്ന്. അപ്പോള്‍ 10ന് അഡ്മിറ്റ് ചെയ്യാം എന്ന് പറയുന്നു. അങ്ങനെ മൂന്ന് ദിവസത്തെ പൈസ ആശുപത്രിക്ക് കിട്ടും. എന്നാല്‍ 13നൊന്നും പ്രസവിക്കില്ല. അപ്പോള്‍ ഡോക്ടര്‍ പറയും നമുക്ക് ഒരു ദിവസം കൂടി നോക്കാം എന്ന്. പിന്നെ 14ാം തീയതി ആവും. അപ്പോള്‍ ഡോക്ടര്‍ പറയും ഒരു ദിവസം കൂടി കഴിഞ്ഞു. എന്താ ചെയ്യണ്ടേന്ന് അറിയില്ല എന്ന്. അങ്ങനെ 15ാം തീയതി വരെ വെയ്റ്റ് ചെയ്യുന്നു.

പിന്നെ അവര്‍ തന്നെ പറയും ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല. ഓപ്പറേഷന്‍ ചെയ്യണമെന്ന് പറയും. യഥാര്‍ത്ഥത്തില്‍ 20നാണ് ഡേറ്റ് . പക്ഷെ നമ്മളെ പറ്റിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്നതാണ്. ശെരിക്കും ഒരു കുട്ടിക്ക് നാല് വര്‍ഷം വരെ വയറ്റില്‍ കിടക്കാം.

അതുകൊണ്ട് പത്ത് മാസമായി ഇപ്പോ പൊട്ടും എന്ന് ബേജാറാവണ്ട. ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞാല്‍ മതി. വയറ്റില്‍ ഓരു സംഭവം പടച്ചിട്ടുണ്ടെങ്കില്‍ അത് സമയം ആവുമ്പോ പുറത്ത് വരും. അത് ഒരു നാച്ചുറല്‍ പ്രോസസ് ആണ്. അതിന് സിസേറിയന്റെ ആവശ്യമില്ല,’ അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

വീട്ടിലെ പ്രസവത്തെതുടര്‍ന്ന് യുവതി മരണപ്പെട്ട സാഹചര്യത്തിലാണ് മൂന്ന് വര്‍ഷം മുമ്പുള്ള ഹക്കീം അസ്ഹരിയുടെ പ്രസംഗം വിവാദത്തിലാകുന്നത്. എന്നാല്‍ യുവതിയുടെ മരണത്തെതുടര്‍ന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിമാരിലൊരാളായ റഹ്‌മത്തുല്ല സഖാഫി എളമരം വീട്ടില്‍ വെച്ചുള്ള പ്രസവത്തെ എതിര്‍ക്കുകയും ഗര്‍ഭിണികള്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ തേടണമെന്നും ഹോസ്പിറ്റലുകളില്‍ വെച്ച് ആയിരക്കണം പരാമാവധി പ്രസവങ്ങള്‍ നടത്തേണ്ടതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വഴി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹക്കീം അസ്ഹരിയുടെ വാദത്തെ പിന്തുണച്ചുകൊണ്ട് സമസ്ത ഇ.കെ വിഭാഗം നേതാവായ ഷുഐബുല്‍ ഹൈതമി രംഗത്തെത്തി. നാല് വര്‍ഷമുള്ള പ്രസവം ഇസ്‌ലാമിസത്തില്‍ പറയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഒരു സ്ത്രീയുടെ ഗര്‍ഭം നാല് വര്‍ഷം വരെ നീളുകയെന്നത് അസാധ്യമായ കാര്യമാണെന്ന് ശാസ്ത്രം പറയില്ലെന്നും ഷുഐബുല്‍ ഹൈതമി അഭിപ്രായപ്പെട്ടു. പുരുഷന്‍ പ്രസവിക്കാം എന്ന് നേരത്തെ നിരീക്ഷിച്ച ഇസ്‌ലാം പണ്ഡിതരുണ്ടെന്നും പുരുഷനും പ്രസവിക്കാന്‍ കഴിയും എന്നിടത്താണിപ്പോള്‍ ശാസ്ത്രം എത്തി നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അനിശ്ചിതമായി ഗര്‍ഭം നീണ്ട് രണ്ട് വര്‍ഷം പിന്നിട്ട സ്ത്രീയുടെ വാര്‍ത്തയൊക്കെ വിഷയം വിവാദമാക്കുന്ന ഇതേ മീഡിയകള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായി, മുമ്പ് കാലത്തും ഉണ്ടായത് ചരിത്രത്തിലുണ്ട്. അവരെ കേവലം കൗതുകവാര്‍ത്തയാക്കി ഒഴിവാക്കാതെ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന നിയാമകതലം രൂപപ്പെടുത്തുകയായിരുന്നു ഫിഖ്ഹ് അഥവാ ഇസ്‌ലാമിക് ജ്യൂറിസ്പിഡന്‍സി.

‘പ്രത്യക്ഷ്യം പരിഗണിച്ച് വിധി തീര്‍പ്പാക്കും, ആന്തരിക രഹസ്യങ്ങള്‍ അല്ലാഹുവിനേല്‍പ്പിക്കും’ എന്നതാണ് ഇസ്‌ലാമിക നിയമദര്‍ശനം. ഡാറ്റകളുടെ സമാഹാരമല്ല ഇസ്‌ലാം. പ്രാപഞ്ചിക വീക്ഷണവും ജീവിതദര്‍ശനുമാണ്. അത് തിരിച്ചറിയാനുള്ള വിവേകമില്ലാത്ത എക്‌സുകളോട് സംസാരിച്ച് ദൂര്‍ത്തടിക്കാന്‍ മാത്രം സമയത്തിന്റെ മുതലാളിമാരല്ല നാമാരും. വിട്ടേക്കുക , വിവേകികള്‍ക്ക് കാര്യം മനസ്സിലാവും,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Caesarean section is just a scam; a child can stay in the womb for up to four years: Hakkim Azhari; Shuaibul Haithami supports

Latest Stories

Video Stories