| Tuesday, 23rd February 2016, 12:06 am

ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി; കാഡ്ബറി നിര്‍മ്മാതാക്കള്‍ക്കെതിരെ അമേരിക്കയില്‍ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് അനുമതി നേടുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് കാഡ്ബറി നിര്‍മ്മാതാക്കളായ മൊണ്ടലസിനെതിരെ അമേരിക്കയില്‍ എന്‍ഫോഴ്‌സമെന്റ് നടപടി. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനാണ്(എസ്.ഇ.സി) മൊണ്ടലസിനെതിരെ നടപടിയെടുക്കുന്നത്. പിഴയും നികുതിയും അടയ്ക്കാത്തതിന് ഇന്ത്യന്‍ എക്‌സൈസ് വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസും കമ്പനിയ്‌ക്കെതിരെയുണ്ട്.

2010ല്‍ എസ്റ്റ് വൈല്‍ ക്രാഫ്റ്റ് ഫുഡ്‌സ് എന്ന കമ്പനി കാഡ്ബറി സ്വന്തമാക്കിയിരുന്നു. പിന്നീടാണ് മോണ്ടലസ് ഇന്റര്‍നാഷണല്‍ എന്ന് പേര് മാറ്റുന്നത്. ഈ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഇടപാടുകള്‍ നടന്നു എന്നതാണ് കമ്പനിക്കെതിരെയുള്ള കുറ്റം.

ഇന്ത്യയില്‍ അംഗീകാരം നേടുന്നിതിന് വേണ്ടി 2011ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികളും ഉദ്യോഗസ്ഥരുമായി നടന്ന ഇടപാടുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് കാണിച്ച് എസ്.ഇ.സി കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഈ വിഷയത്തില്‍ അമേരിക്കന്‍, ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് മൊണ്ടലസ് അധികൃതര്‍ പറഞ്ഞു. 370 കോടിരൂപയുടെ നികുതിവെട്ടിപ്പാണ് കമ്പനിക്കെതിരെ ആരോപിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more