| Thursday, 28th July 2022, 12:14 pm

കാഡ്ബറി ജെംസ് Vs ജെയിംസ് ബോണ്ട്; കാഡ്ബറിക്ക് അനുകൂല വിധി പുറപ്പെടുവിച്ച് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ നീണ്ട നിയമതര്‍ക്കത്തിനൊടുവില്‍ കാഡബറി ജെംസിന് അനുകൂലമായി കോടതി വിധി. ദല്‍ഹി ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

നീരജ് ഫുഡ് പ്രൊഡക്ട്‌സ് ‘ജെയിംസ് ബോണ്ട്’ എന്ന പേരില്‍ കാഡ്ബറി ജെംസിന് സമാനമായ ചോക്ലേറ്റ് പ്രൊഡക്ട് ലോഞ്ച് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രേഡ്മാര്‍ക്കിന്റെ പേരില്‍ നിയമപോരാട്ടം ആരംഭിച്ചത്.

കാഡബറി ജെംസിന്റെ ‘റൈറ്റ്‌സ് ഓഫ് മാനുഫാക്ചറേഴ്‌സ്’ (rights of manufacturers) ലംഘിച്ചതിന് നീരജ് ഫുഡ് പ്രൊഡക്ട്‌സിന് കോടതി 15 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.

‘ജെയിംസ് ബോണ്ട്’ എന്നോ ‘ജെയിംസ്’ എന്നോ ഉള്ള മാര്‍ക് ഇനി മുതല്‍ ഉപയോഗിക്കരുതെന്നും ദല്‍ഹി കോടതി നീരജ് ഫുഡ് പ്രൊഡക്ട്‌സിനോട് നിര്‍ദേശിച്ചു.

2005ലായിരുന്നു അന്നത്തെ കാഡബറി ഇന്ത്യ ലിമിറ്റഡ് ട്രേഡ്മാര്‍ക്ക് വിഷയത്തില്‍ കോടതിയെ സമീപിച്ചത്.

കാഡ്ബറി ജെംസിന്റെ പ്രൊഡക്ട്‌സിന് സമാനമായ കളര്‍ സ്‌കീമോട് കൂടിയാണ് നീരജ് ഫുഡ് പ്രൊഡക്ട്‌സ് ജെയിംസ് ബോണ്ട് എന്ന ചോക്ലേറ്റ് പ്രൊഡക്ട് വിപണിയിലിറക്കിയിരുന്നത് എന്ന് മൊണ്ടേലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (കാഡബറി ഇന്ത്യ ലിമിറ്റഡിന്റെ ഇന്നത്തെ പേര്) ആരോപിച്ചിരുന്നു. കളര്‍ ടോണിന് പുറമെ പ്രൊഡക്ടിന്റെ ലേ ഔട്ടും അറേഞ്ച്‌മെന്റും കാഡ്ബറി ജെംസിന് സമാനമാണെന്നും ആരോപിച്ചിരുന്നു.

കാഡ്ബറീസ് ജെംസ്, ജെംസ് എന്നീ പേരുകളില്‍ മൊണ്ടേലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നേരത്തെ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.

ജെംസ് ബ്രാന്‍ഡഡ് പ്രൊഡക്ടുകളുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ചിരുന്ന ജെംസ് ബോണ്ട് (Gems Bond) എന്ന ക്യാരക്ടറിന്റെയും അതുമായി ബന്ധപ്പെട്ട ആര്‍ടിസ്റ്റിക് വര്‍ക്കുകളുടെയും കോപിറൈറ്റ് രജിസ്‌ട്രേഷനും കാഡ്ബറിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: Cadbury Gems’ vs ‘James Bond’ case, Delhi High Court rules in favor of Cadbury

We use cookies to give you the best possible experience. Learn more